കാസർകോട്: മദ്രസ അദ്ധ്യാപകൻ റിയാസ് മൗലവി കൊലക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടത് മൗലവിയുടെ ഭാര്യക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിരാശയായി. അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവരെയാണ് വെറുതെവിട്ടത്. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.

2017 മാർച്ച് 20ന് ആണ് മദ്രസാ അദ്ധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസിലെ ഗൂഢാലോചന പുറത്തുവരണം, വിധിയിൽ അപ്പീൽ പോകണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കോടതി വിധി നിരാശജനകാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു. വിധി കേട്ടയുടൻ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു.

റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി എന്നാണ് വിധിയിൽ പറയുന്നത്. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു.

പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സാധിച്ചില്ല. റിയാസ് മൗലവി വധക്കേസിൽ നടന്നത് നിലവാരമില്ലാത്ത അന്വേഷണമെന്നും കോടതി വിലയിരുത്തി. പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമാണ്. പക്ഷേ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടുവെന്നും വിധിപ്പകർപ്പിൽ പറയുന്നു.

മുറിയിൽനിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാർഡുകളും പരിശോധിക്കാത്തത് സംശയം ജനിപ്പിക്കുന്നതാണെന്നും വിധിപ്പകർപ്പിൽ നിരീക്ഷിക്കുന്നുണ്ട്. മരണത്തിന് മുൻപ് റിയാസ് മൗലവിയുമായി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തി. ഒന്നാം പ്രതിയുടെ വസ്ത്രങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് നൽകിയില്ല. അതിനാൽ വസ്ത്രങ്ങൾ പ്രതിയുടേതാണോ എന്ന് വ്യക്തമായില്ല.

അന്വേഷണം ഏകപക്ഷീയമായിരുന്നു എന്ന് കരുതാൻ സാധിക്കും. തെളിവെടുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കരുതുന്നതായും കോടതി പറയുന്നു. കാസർകോട് പഴയ ചൂരിയിലെ മദ്രസ അദ്ധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും വെറുതെ വിട്ടുകൊണ്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.

കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് വിധി പറഞ്ഞത്. കാസർകോട് ചൂരി മദ്രസയിലെ അദ്ധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20 നാണു കൊല്ലപ്പെട്ടത്. രാത്രി ചൂരിയിലെ പള്ളിയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ പ്രതികൾ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ജാമ്യം ലഭിക്കാതിരുന്ന പ്രതികൾ ഇതുവരെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയിൽ വിസ്തരിച്ചു. രണ്ടുമാസം മുൻപ് കേസിന്റെ വിചാരണ പൂർത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം, റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിങ് നടത്തുമെന്നും പൊലീസ് അറിയിച്ചു.