- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്രീം കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ
ന്യൂഡൽഹി: കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു സുപ്രീംകോടതി. ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം. സുപ്രീംകോടതി ഉത്തരവിൽ കേരളത്തിനെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നാണു സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രീംകോടതി കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി.
കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. വിഷയം പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാദങ്ങൾക്കാണ് മുൻതൂക്കമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേരളത്തിന് ഇളവുനൽകിയാൽ മറ്റു സംസ്ഥാനങ്ങളും സമാന ആവശ്യമുയർത്തുമെന്നായിരുന്നു വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം. അടുത്ത സാമ്പത്തികവർഷത്തെ പരിധിയിൽ കുറയ്ക്കുമെന്നതുൾപ്പെടെയുള്ള വ്യവസ്ഥയിൽ 5,000 കോടി അനുവദിക്കാമെന്നായിരുന്നു കേന്ദ്രനിലപാട്.
മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ആർക്കും ഒന്നും നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കേരളത്തിന് 5,000 കോടിരൂപയുടെ അധിക വായ്പ വ്യവസ്ഥകളോടെ അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ തുക പര്യാപ്തമല്ലെന്നും സംസ്ഥാനവിഹിതത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളിൽ വായ്പ അനുവദിക്കുന്നത് സ്വീകാര്യമല്ലെന്നും കേരളം കോടതിയെ അറിയിക്കുകയായിരുന്നു.
അതേസമയം കൂടുതൽ കടമെടുപ്പിന് അനുമതി ലഭിക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം തള്ളിയത് കേരളത്തിന് തിരിച്ചടിയാണ്.
ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളം വാദിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ 2023 -24 സാമ്പത്തിക വർഷത്തിൽ ജി എസ് ഡി പി യുടെ 4.25 ശതമാനം ഇത് വരെ കടം കേരളം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാൻ അനുവദിച്ചാൽ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രം വാദിച്ചത്. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ ഹർജി സംബന്ധിച്ച് നടന്നത്. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുൻപ് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമാണ് ഹർജിയിൽ ഉത്തരവ് എത്തുന്നത്.