- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ വിധിക്ക് സുപ്രീം കോടതി സ്റ്റേ
ന്യൂഡൽഹി: യുപിയിലെ 17 ലക്ഷത്തോളം മദ്രസ വിദ്യാർത്ഥികൾക്ക് ആശ്വാസമായി സുപ്രീംകോടതി ഇടപെടൽ. 2004 ലെ യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വധിയാണ് സുപ്രീം കോടി സ്റ്റേ ചെയ്തത്. ഇതോടെ, സംസ്ഥാനത്തെ 16,000 ത്തോളം മദ്രസകൾക്ക് തുടർന്ന പ്രവർത്തിക്കാൻ കഴിയും.
ഹൈക്കോടതി തീരുമാനം പ്രഥമദൃഷ്ട്യാ ശരിയായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു. യുപി സർക്കാരിനും കേന്ദ്ര സർക്കാരിനും മദ്രസ ബോർഡിനും കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ മാസമാണ് അലഹബാദ് ഹൈക്കോടതി 2004 ലെ നിയമം ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചത്. മതേതരത്വ തത്വം ലംഘിച്ചെന്നും മദ്ര വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറ്റാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
എന്നാൽ, മദ്രസ ബോർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നിയന്ത്രണ സ്വഭാവം ഉള്ളതാണെന്നും ബോർഡ് സ്ഥാപിച്ചതുകൊണ്ട് മതേതരത്വത്തെ ബാധിക്കില്ലെന്നും സുപ്രീം കോടതി വിലയിരുത്തി. ഹൈക്കോടതി നിയമം റദ്ദാക്കിയത് 17 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
മദ്രസകൾ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകൾ എന്നിവയിൽ മതേതര വിദ്യാഭ്യാസം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പൊതുതാൽപര്യ ഹർജിയെങ്കിൽ, 2004 ലെ മദ്രസ നിയമം റദ്ദാക്കുകയല്ല പരിഹാരമെന്നും കോടതി പറഞ്ഞു. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഹൈക്കോടതി വിധിയെ സുപ്രീം കോടതിയിൽ പിന്തുണച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് 17 ലക്ഷം വിദ്യാർത്ഥികളെയും 10,000 ത്തോളം മദ്രസ അദ്ധ്യാപകരെയും പെരുവഴിയിൽ ആക്കുമെന്നാണ് മദ്രസകൾക്ക് വേണ്ടി അഭിഷേക് മനു സിങ് വി വാദിച്ചത്.