- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാർത്ഥികളുടെ സകല സ്വത്തുക്കളെ കുറിച്ചും അറിയാൻ വോട്ടർമാർക്ക് സമ്പൂർണാവകാശമില്ല
ന്യൂഡൽഹി: സ്ഥാനാർത്ഥികളുടെ സകല ആസ്തി വിവരങ്ങളും അറിയാനുള്ള സമ്പൂർണാവകാശം വോട്ടർമാർക്കില്ലെന്ന് സുപ്രീം കോടതി. സ്ഥാനാർത്ഥിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങാൻ വോട്ടർമാർക്ക് അപിരിമിതമായ അവകാശം ഇല്ല.
പൊതുസ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥിത്വത്തിൽ അപ്രസക്തമായ കാര്യങ്ങൾ സ്വകാര്യമായി വയ്ക്കാനുള്ള അവകാശം സ്ഥാനാർത്ഥികൾക്കുണ്ട്. സ്ഥാനാർത്ഥിയുടെയോ, ആശ്രിതരായ കുടുംബാംഗങ്ങളുടെയോ വസ്ത്രങ്ങൾ, ഷൂസ്, പാത്രങ്ങൾ, സ്റ്റേഷനറി, ഫർണിച്ചർ തുടങ്ങിയവ വലിയ തോതിൽ ആസ്തിയുടെ കണക്കിൽ പ്രതിഫലിക്കുന്നവയല്ലെങ്കിൽ വെളിപ്പെടുത്തേണ്ടതില്ല. 2019ലെ അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തേസുവിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കാരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് ശരിവച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കാരിഖോ ക്രിയുടെ ഭാര്യയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങൾ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഹർജിയിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ വാദം. കാരിഖോ ക്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് ഗുവാഹത്തി ഹൈക്കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കാരിഖോ ക്രി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, സ്ഥാനാർത്ഥിയുടെ എല്ലാ സ്വത്തുക്കളെക്കുറിച്ചും അറിയാൻ ജനങ്ങൾക്ക് പൂർണ അധികാരമില്ലെന്ന് നിരീക്ഷിച്ചു. സ്ഥാനാർത്ഥിക്ക് സ്വകാര്യതക്കുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.