- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് ആശ്വാസമായി ഹൈക്കോടതി നിർദ്ദേശം. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ഇഡിയോട് കോടതി നിർദ്ദേശിച്ചു. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി.
എന്നാൽ ഇ ഡി തന്റെ മുമ്പാകെ ഹാജരാക്കിയ ചില ഫയലുകൾ പരിശോധിച്ചതിൽ നിന്ന് ചില കാര്യങ്ങളിൽ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങൾ ഇ ഡിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വാക്കാൽ വ്യക്തമാക്കി. കേസ് വീണ്ടും മെയ് 22ന് പരിഗണിക്കും.
ഐസക്കിന് ഹാജരാകാനുള്ള ഒരു തീയതി അറിയിക്കാൻ ഇ ഡി ആവശ്യപ്പെട്ടെങ്കിലും താൻ അത് നിർദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. താൻ അപ്രകാരം പറഞ്ഞാൽ അത് ഐസക്കിനെ നിർബന്ധിക്കുന്നതിനു തുല്യമാകും. ഇഡി സമർപ്പിച്ച ഫയലുകളിലൂടെ താൻ കടന്നു പോയെന്നും അന്വേഷണം നടക്കുന്നതിനാൽ അതിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഇ.ഡിക്ക് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇ.ഡി ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതിന് എതിരെ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.