ന്യൂഡൽഹി: പതഞ്ജലി പരസ്യവിവാദക്കേസിൽ യോഗഗുരു ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും സമർപ്പിച്ച മാപ്പപേക്ഷ സുപ്രീം കോടതി വീണ്ടും തള്ളി. തങ്ങൾ അന്ധരല്ലെന്നും ഉദാരത കാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്സനുദ്ദീൻ അമാനുള്ളയുടെയും ബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്. കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാൻ തങ്ങൾ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. മറ്റു വഴിയൊന്നുമില്ലാതെ കടുത്ത സമ്മർദത്തിലായതിനാലാണ് മാപ്പപേക്ഷ നൽകിയിരിക്കുന്നതെന്നും കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു.

മാപ്പപേക്ഷ ആദ്യം മാധ്യമങ്ങൾക്ക് അയച്ച ബാബ രാംദേവിന്റെ നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പതഞ്ജലിക്കെതിരെ നടപടിയെടുക്കാത്തിന് ഉത്തരാഖണ്ഡിലെ ലൈൻസിങ് അധികൃതരെ കടുത്തഭാഷയിൽ കോടതി വിമർശിച്ചു.

വിഷയത്തിൽ കേന്ദ്രത്തിന്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു. തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ നൽകരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്ത് കോവിഡ് പ്രതിരോധ മരുന്നെന്ന രീതിയിൽ ഉല്പന്നം പ്രചരിപ്പിച്ചത് ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുൻപാണെന്നും കേന്ദ്രം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസിൽ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വിശദീകരണം സമർപ്പിച്ചത്.

അത്ഭുതകരമായ രോഗശമനം അവകാശപ്പെടുന്ന പരസ്യങ്ങൾക്കെതിരെ പരിശോധിച്ച് നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. നിയമപ്രകാരം കേന്ദ്രം ഇക്കാര്യത്തിൽ സമയോചിതമായ നടപടികളെടുത്തിരുന്നു. ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ കോവിഡ് ചികിത്സിച്ച ഭേദമാക്കുമെന്ന് പതഞ്ജലി അവകാശപ്പെടുന്ന കോറോണിലിന്റെ പരസ്യം പ്രചരിപ്പിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നതാണ്.

വിശദമായ പരിശോധനയ്ക്ക് ശേഷം കോവിഡ് പൂർണമായും ചികിത്സിച്ച് മാറ്റാൻ കോറോണിലിന് സാധിക്കില്ലെന്ന വസ്തുത സംസ്ഥാന ലൈസൻസിങ് അഥോറിറ്റിയെ അറിയിച്ചിരുന്നു. അവകാശവാദങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കോവിഡ് ചികിത്സയ്ക്ക് ആയുഷുമായി ബന്ധപ്പെട്ട അവകാശവാദങ്ങളോടുകൂടി വരുന്ന പരസ്യങ്ങൾ നിർത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വിശദമാക്കി.

അലോപ്പതി മരുന്നിനെതിരായ പരസ്യങ്ങൾ പ്രചരിപ്പിച്ചതിനെയും വിലക്കിയിരുന്നുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഏത് ശ്രേണിയിലുള്ള മരുന്ന് ഉപയോഗിക്കണമെന്നുള്ളത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിനെ തള്ളിപ്പറയാനുള്ള സമീപനത്തോട് യോജിക്കുന്നില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.

കോടതി വിധി മാനിക്കാത്തതിന് നേരത്തെയും വിമർശനം

നേരത്തെ കേസ് പരിഗണിച്ചപ്പോൾ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണയ്ക്കുമെതിരെ സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. കോടതി വിധി മാനിക്കാതിരുന്നതിനെ തുടർന്ന് ഇവരുവർക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വിമർശനം.

കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വിശദമായ മാപ്പ് അപേക്ഷ സുപ്രീം കോടതിയിൽ നൽകിയത്. കേസ് പരിഗണിച്ചപ്പോൾ മാപ്പ് അപേക്ഷിച്ചിരുന്നു. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ. എന്നാൽ ഈ ക്ഷമ ചോദിക്കൽ ഹൃദയത്തിൽ നിന്നുള്ളതല്ലെന്ന് കോടതി വിമർശിച്ചു. കടുത്ത ഭാഷയിലാണ് ബാബാം രാംദേവിനെ കോടതി വിമർശിച്ചത്.

തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.

നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇരുവരും നിരുപാധികം മാപ്പ് അപേക്ഷിച്ചിരുന്നു. അവകാശവാദങ്ങൾ അശ്രദ്ധമായി ഉൾപ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നുവെന്നുമായിരുന്നു പതഞ്ജലി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത് . കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന് വാദമുയർത്തിയിരുന്നു.

ഒരു പാരഗ്രാഫിലാണോ കോടതിക്ക് മറുപടി നൽകേണ്ടത് എന്നും, അങ്ങനെ തോന്നിയെങ്കിൽ ക്ഷമ പറയാം എന്നത് എന്ത് പ്രയോഗമാണ്, കോടതിയിൽ ഉറപ്പ് നൽകിയിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവന നടത്തി, എല്ലാ തലവും ലംഘിച്ചു, കേന്ദ്രം ഇത്രയും കാലം കണ്ണടച്ചത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.

വീണ്ടും മറുപടി നൽകാമെന്നും നേരിട്ട് മാപ്പ് പറയാമെന്നുമെല്ലാം ബാബാ രാംദേവ് പറഞ്ഞെങ്കിലും രാംദേവിനെ പഠിപ്പിക്കാനില്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും രോഷത്തോടെ കോടതി അറിയിച്ചിരുന്നു. തുടർന്നാണ് വിശദമായ മാപ്പ് അപേക്ഷ ഉൾപ്പെടെയുള്ള മറുപടി ഇപ്പോൾ സമർപ്പിച്ചത്.