- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ അപ്പീൽ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഈ ആഴ്ചാവസാനവും തിഹാർ ജയിലിൽ തന്നെ തുടരും. ഡൽഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ലെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്തു.
കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിങ്വി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ രാവിലെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നു ഹർജി കേൾക്കുമോ എന്ന് വ്യക്തമാക്കിയില്ല. ഞങ്ങൾ നോക്കാം, പരിശോധിക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.
ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി വിധി, തങ്ങളിൽ നിന്ന് അന്വേഷണ ഏജൻസി മറച്ച് വച്ച രേഖയെ ആധാരമാക്കിയാണെന്ന് സിങ്വി പറഞ്ഞു. അതുകൊണ്ട് ഹർജി അടിയന്തരമായി വാദം കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപ്പീൽ അടിയന്തരമായി കേൾക്കാൻ താൻ ഇ മെയിൽ അയച്ചിട്ടുണ്ടെന്നും സിങ്വി അറിയിച്ചു. അപേക്ഷ പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞെങ്കിലും, കേസ് പരിഗണിക്കുന്ന തീയതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയില്ല.
കെജ്രിവാളിന്റെ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കാൻ ഇടയില്ലെന്നാണ് സൂചന. വ്യാഴാഴ്ച കോടതിക്ക് ഈദുൽ ഫിത്തറിന്റെ അവധിയും, വെള്ളിയാഴ്ച പ്രാദേശിക അവധിയുമാണ്. പിന്നീട് തിങ്കളാഴ്ചയാണ് കോടതി തുറക്കുക.
സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എഎപി. ഡൽഹി മദ്യ നയ കേസിൽ ഇഡിയും, സിബിഐയും തങ്ങളുടെ പരിശോധനയ്ക്കിടെ ഒരുരൂപ പോലും കണ്ടെടുത്തിട്ടില്ലെന്ന് ഡൽഹി മന്ത്രിയായ സൗരഭ് ഭരദ്വാജ് പറഞ്ഞു. അവർ കോടികളെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, അനധികൃതമായ ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല. സാക്ഷികളെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റിച്ചതാണ്. ഇതി കള്ളപ്പണ കേസല്ല, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ്, സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മാർച്ച് 21 ന് ഇഡി നടത്തിയ അറസ്റ്റ് സാധുവല്ലെന്നാണ് കെജ്രിവാൾ കോടതിയിൽ വാദിച്ചത്. കെജ്രിവാൾ അഴിമതി നടത്തിയെന്നാണ് ഇ ഡിയുടെ വാദമെന്ന് കോടതി പറഞ്ഞു. ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. മദ്യ ലോബിയിൽ നിന്ന് ശേഖരിച്ച പണം ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചു.
കെജ്രിവാൾ ഗൂഢാലോചന നടത്തിയെന്നും എക്സൈസ് നയം രൂപീകരിച്ചതിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പണം ഉപയോഗിച്ചതിലും പങ്കുണ്ടെന്നും ഇഡി ശേഖരിച്ച തെളിവുകളിൽ നിന്ന് വ്യക്തമാണ്. മദ്യനയം രൂപീകരിച്ചതിലും കോഴ വാങ്ങിയതിലും വ്യക്തിപരമായ പങ്ക് കെജ്രിവാളിനുണ്ട്. കൂടാതെ അദ്ദേഹം എഎപി ദേശീയ കൺവീനർ എന്ന നിലയിലും കോഴക്കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.
മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയത് നിയമപരമായിട്ടാണ്. മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പുകാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തിരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് കേജ്രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്കു രാഷ്ട്രീയമില്ല, നിയമമാണ് പ്രസക്തം. കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കേജ്രിവാളും തമ്മിലല്ല, ഹർജിക്കാരനും ഇ.ഡിയും തമ്മിലാണെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് വ്യക്തമാക്കി.
വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ല. ആർക്കെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതോ, ഇലക്ടറൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ല. മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നൽകാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസിയാണ്. ജഡ്ജിമാർ രാഷ്ട്രീയമായല്ല തീരുമാനം എടുക്കേണ്ടത്, നിയമപരമായിട്ടാണ്. ഏത് പാർട്ടിയുടെ ആളാണ് മുന്നിൽ നിൽക്കുന്നത് എന്നത് വിഷമയല്ല. കോടതിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.