കൊച്ചി: സർക്കാർ രാഷ്ട്രീയ നേട്ടത്തിനും പബ്ലിസിറ്റിക്കും ഉപയോഗിക്കരുതെന്ന നിർദ്ദേശത്തോടെ സംസ്ഥാനത്ത് റംസാൻ-വിഷു വിപണന മേളകൾ നടത്താൻ കൺസ്യൂമർഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. ചന്തകളുടെ നടത്തിപ്പിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു.

സംസ്ഥാനത്ത് 250 ചന്തകൾ തുടങ്ങാനുള്ള നീക്കമാണ് വോട്ടർമാരെ സ്വാധീനിക്കുമെന്ന് ചൂണ്ടികാട്ടി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. ഇതിനെതിരെയാണ് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സർക്കാർ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സർക്കാർ യാതൊരു പബ്ലിസിറ്റിയും നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഹൈക്കോടതി അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ചന്തകൾ ഉടൻ തുടങ്ങും. സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്‌ലെറ്റുകളിൽ റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർഫെഡിന് സിവിൽസപ്ലൈസ് വകുപ്പ് നിർദ്ദേശം നൽകി. ഇന്നുമുതൽ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന സാധനങ്ങൾ വിലക്കുറവിൽ കൺസ്യൂമർഫെഡ് ലഭ്യമാക്കും.

അതേസമയം, റമദാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെയാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും 13 സാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്നു എന്ന് വാഗ്ദാനം നൽകി സർക്കാർ പ്രചാരവേല നടത്തുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിതരണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് മാർച്ച് ആറിന് രജിസ്ട്രാറിന് നൽകിയ ശുപാർശ ഹാജരാക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

റമദാൻ- വിഷു ചന്ത തുടങ്ങാനുള്ള തീരുമാനം അഞ്ചു കോടി വോട്ടർമാരെ സ്വാധീനിച്ചേക്കാം. അതുകൊണ്ടാണ് അതിന് അനുമതി നിഷേധിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ഭരണത്തിലിരിക്കുന്നവർക്ക് ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും അത് മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.