കൊച്ചി: തിരഞ്ഞെടുപ്പ് കഴിയും വരെ ഇഡി കാത്തിരിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. കിഫ്ബി മസാല ബോണ്ട് കേസിൽ, പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിനെതിരെ നിർണായക നീക്കവുമായി ഇഡി രംഗത്തെത്തി. തിരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ബുദ്ധിമുട്ടിക്കരുതെന്ന കോടതി തീരുമാനത്തിന് കാരണമായ ഹർജി റദ്ദാക്കണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് ഇ ഡി. അപ്പീൽ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് കോടതി പറഞ്ഞത്. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇ ഡി സമൻസിനെതിരായ ഐസക്കിന്റെ ഹർജി റദ്ദാക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ഇഡിയോട് കോടതി നിർദ്ദേശിച്ചത്. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി.

ഇ ഡി തന്റെ മുമ്പാകെ ഹാജരാക്കിയ ചില ഫയലുകൾ പരിശോധിച്ചതിൽ നിന്ന് ചില കാര്യങ്ങളിൽ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങൾ ഇ ഡിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വാക്കാൽ വ്യക്തമാക്കി. കേസ് വീണ്ടും മെയ് 22ന് പരിഗണിക്കും.

ഐസക്കിന് ഹാജരാകാനുള്ള ഒരു തീയതി അറിയിക്കാൻ ഇ ഡി ആവശ്യപ്പെട്ടെങ്കിലും താൻ അത് നിർദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. താൻ അപ്രകാരം പറഞ്ഞാൽ അത് ഐസക്കിനെ നിർബന്ധിക്കുന്നതിനു തുല്യമാകും. ഇഡി സമർപ്പിച്ച ഫയലുകളിലൂടെ താൻ കടന്നു പോയെന്നും അന്വേഷണം നടക്കുന്നതിനാൽ അതിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഇ.ഡിക്ക് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇ.ഡി ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതിന് എതിരെ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.