- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവിഷൻ ബഞ്ചിലും ഇഡിക്ക് തിരിച്ചടി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ, തോമസ് ഐസക്കിന് എതിരെ നിർണായക നീക്കം നടത്തിയ ഇ ഡി ക്ക് തിരിച്ചടി. ഐസക്കിനെ തിരഞ്ഞെടുപ്പിന് ശേഷം ചോദ്യം ചെയ്യാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹർജിയിൽ ഡിവിഷൻ ബഞ്ച് ഇടപെട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബഞ്ച് അനുവദിച്ചില്ല.
തിരഞ്ഞെടുപ്പിന്റെ പേരിൽ മറ്റൊരിടത്തും അന്വേഷണം മാറ്റിവയ്ക്കുന്നില്ലെന്നും തോമസ് ഐസക് സ്ഥാനാർത്ഥിയായതിനാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും ഇ.ഡി. വാദിച്ചു. നിയമനടത്തിപ്പിൽ രാഷ്ട്രീയം ഇടപെടരുത്, നിയമം നിയമത്തിന്റെ വഴിക്കു പോകണം എന്നാണെന്നും ഇ.ഡി. വാദിച്ചു.
എന്നാൽ 10 ദിവസം കൂടി കഴിഞ്ഞാൽ കേരളത്തിൽ തിരഞ്ഞെടുപ്പ് അവസാനിക്കും, എന്തുകൊണ്ടാണ് ഇ.ഡിക്ക് അതുവരെ കാത്തിരിക്കാൻ സാധിക്കാത്തതെന്ന് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, എം.എ.അബ്ദുൾ ഹക്കീം എന്നിവരുടെ ബെഞ്ച് ചോദിച്ചു. അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
തോമസ് ഐസക്ക് ഹാജരായാൽ അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു കോടതിയിൽ ഇഡിയുടെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഐസക്കിന് നോട്ടീസ് നൽകിയെന്നായിരുന്നു ഇഡിയുടെ വാദം. സ്ഥാനാർത്ഥിയെന്ന കാരണത്താൽ അന്വേഷണം തടസപ്പെടുത്തരുതെന്നും ഇഡി വാദിച്ചു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
സ്ഥാനാർത്ഥിയായ ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് സിംഗിൾ ബഞ്ച് പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ഇഡിയോട് കോടതി നിർദ്ദേശിച്ചത്. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി.
ഇ ഡി തന്റെ മുമ്പാകെ ഹാജരാക്കിയ ചില ഫയലുകൾ പരിശോധിച്ചതിൽ നിന്ന് ചില കാര്യങ്ങളിൽ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങൾ ഇ ഡിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വാക്കാൽ വ്യക്തമാക്കി. കേസ് വീണ്ടും മെയ് 22ന് പരിഗണിക്കും.
ഐസക്കിന് ഹാജരാകാനുള്ള ഒരു തീയതി അറിയിക്കാൻ ഇ ഡി ആവശ്യപ്പെട്ടെങ്കിലും താൻ അത് നിർദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. താൻ അപ്രകാരം പറഞ്ഞാൽ അത് ഐസക്കിനെ നിർബന്ധിക്കുന്നതിനു തുല്യമാകും. ഇഡി സമർപ്പിച്ച ഫയലുകളിലൂടെ താൻ കടന്നു പോയെന്നും അന്വേഷണം നടക്കുന്നതിനാൽ അതിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഇ.ഡിക്ക് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഇ.ഡി ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതിന് എതിരെ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.