കൊച്ചി: ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർഥികളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള അടിയെ ചൊല്ലിയുള്ള വിഷയം കോടതി കയറിയിരിക്കുകയാണ്. 'ബിഗ് ബോസി'ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദ്ദേശം. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദ്ദേശിക്കാം.

എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. നിയമവിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവയ്‌പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 25ന് ഹരജി വീണ്ടും പരിഗണിക്കും

ബിഗ് ബോസ് മലയാളം സീസൺ 6 അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ പരാതി നൽകിയത്. ഒരു മത്സരാർഥി മറ്റൊരു മത്സരാർഥിയെ ഇടിച്ചുപരിക്കേൽപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നും പരിപാടി സംപ്രേഷണം ചെയ്യുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്നും ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ്, ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് സമർപ്പിച്ച പരാതിയിൽ പറയുന്നു. പരിപാടിയുടെ അവതാരകനായ മോഹൻലാലിനും ഈ ലംഘനങ്ങളിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു.

നിയമവിരുദ്ധമായ ഉള്ളടക്കത്തിന് പരിപാടിയുടെ പ്രൊഡ്യൂസർമാരായ എൻഡമോൾ ഷൈൻ ഇന്ത്യക്കും ബാനിജെയ്ക്കും എതിരെയും പരിപാടി സംപ്രേഷണം ചെയ്തതിന് ഏഷ്യാനെറ്റിനും, മാതൃകമ്പനിയായ ഡിസ്നി ഹോട്ട്സ്റ്റാറിനും എതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അതിനൊപ്പം ബിഗ്ബോസ് നിർത്തി വയ്ക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

സീസണിലെ 15 ാം ദിവസത്തെ സംഭവങ്ങൾ സംപ്രേഷണം ചെയ്ത 16 ാമത്തെ എപ്പിസോഡാണ് പരാതിക്കിടയാക്കിയത്. മാർച്ച് 25 നാണ് എപ്പിസോഡ് സംപ്രേഷണം ചെയ്തത്. മത്സരാർഥികളായ ഹസീബ് എസ് കെ( അസി റോക്കി)യും സിജോ ജോണും തമ്മിൽ കായികമായി ഏറ്റുമുട്ടിയതാണ് വിഷയം. അസി റോക്കി സിജോ ജോണിന്റെ താടിയിൽ ഇടിക്കുകയും ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സിജോയ്ക്ക് താടിയെല്ലിന് പൊട്ടലുണ്ടായെന്നും ശസ്ത്രക്രിയ വേണ്ടി വന്നുവെന്നുമാണ് മെഡിക്കൽ റിപ്പോർട്ടുകളിൽ പറയുന്നത്. റോക്കിയുടെ പ്രവൃത്തി ഐപിസി സെക്ഷൻ 320, 325 പരിധിയിൽ വരുന്നതാണ്.

ഇത് കൂടാതെ കേബിൾ ടെലിവിഷൻ നിയന്ത്രണ നിയമവും, സിനിമോട്ടാഗ്രാഫ് നിയമവും ഏഷ്യാനെറ്റ് ചാനൽ ലംഘിച്ചതായി പരാതിയിൽ ആരോപിക്കുന്നു. വിവാദ രംഗത്തിന്റെ വീഡിയോ ഫുട്ടേജ് ബിഗ്ബോസിന്റെ പ്രമോഷന് വേണ്ടി സാമൂഹിക മാധ്യമങ്ങൾ വഴി കാട്ടിയത് ഐടി നിയമത്തിന്റെ ലംഘനമാണെന്നും ആരോപിക്കുന്നു. ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം 2023 ജനുവരിയിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

വിവാദം ഇങ്ങനെ

മാർച്ച് 10 ന് സംപ്രേഷണം ആരംഭിച്ച ബിഗ് ബോസ് ഷോയുടെ തുടക്കം മുതൽ തന്നെ കാര്യങ്ങൾ മുഖത്ത് നോക്കി തുറന്നടിക്കുന്ന പ്രകൃതക്കാരനായ മത്സരാർഥിയായിരുന്നു അസി റോക്കി. ആരെയും കൂസാതെ എന്തും പറയുന്ന റോക്കിക്ക് തീരെയില്ലാത്തത് ക്ഷമയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനും പ്രയാസമായിരുന്നു. പരിപാടിയിലെ ടാസ്‌കിനെ ചൊല്ലിയാണ് റോക്കിയും സിജോയും തമ്മിൽ ഉടക്കിട്ടത്.

തർക്കത്തിനിടയിൽ ധൈര്യമുണ്ടെങ്കിൽ ശരീരത്തിൽ തൊട്ടുനോക്കാൻ റോക്കി പറഞ്ഞപ്പോൾ സിജോ തോളിൽ കൈവെച്ചു.അപ്പോൾ റോക്കി സിജോയുടെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. താടിക്കാണ് ഇടി കിട്ടിയത്. സിജോ ഒന്നും പ്രതികരിക്കാതെ നിശ്ചലനായി നിന്നു. മറ്റുള്ള മത്സരാർത്ഥികൾ ചേർന്ന് പിടിച്ച് മാറ്റിയപ്പോഴും റോക്കി സിജോയെ വെല്ലുവിളിച്ചു. അതിനുശേഷമാണ് താൻ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് റോക്കി തിരിച്ചറിഞ്ഞത്. പിന്നീട് കൺഫഷൻ റൂമിൽ കയറി പൊട്ടിക്കരഞ്ഞു. അവൻ എന്നെ തോട്ടതുകൊണ്ടാണ് താൻ ഇടിച്ചത് എന്നൊക്കെ കുമ്പസരിച്ചു.

തൊടല്ലേന്ന് ഞാൻ പറഞ്ഞതാ... അവനാ ആദ്യം എന്നെ തൊട്ടേ... ഞാൻ തിരിച്ച് തൊട്ടില്ല. ആറ് വർഷം കാത്തിരുന്നാണ് ബിഗ്‌ബോസിൽ അവസരം കിട്ടിയത്. ഞാൻ സിജോയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നെല്ലാം പറഞ്ഞാണ് റോക്കി കരഞ്ഞത്.
ഇതിന്റെ പേരിൽ റോക്കി പുറത്താകണമെന്ന് തനിക്ക് ഇല്ലെന്നും പരാതിയില്ലെന്നും സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കായി കാണുന്നുവെന്നും റോക്കി വീട്ടിൽ തുടരണമെന്ന് ആഗ്രഹമുണ്ടെന്നും സിജോ അർജുനോടും പിന്നീട് ബിഗ് ബോസിനോടും പറഞ്ഞിരുന്നു. താൻ പുറത്തിറങ്ങിയാലും റോക്കിയോട് ദേഷ്യമില്ലാതെ പെരുമാറുമെന്നും സിജോ പറഞ്ഞു.

എന്നാൽ, സഹമത്സരാർത്ഥിയെ മർദ്ദിക്കുന്നത് ഹൗസിലെ നിയമങ്ങൾക്ക് എതിരായതുകൊണ്ട് തന്നെ റോക്കിയെ ഷോയിൽ നിന്ന് ബിഗ് ബോസ് പുറത്താക്കി. സിജോ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വിശ്രമിത്തിലാണെന്നുമാണ് വിവരം. മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള രണ്ടുപേരാണ് സിജോയും റോക്കിയും. അതിൽ റോക്കി പുറത്തായി. സിജോയുടെ തുടർ പങ്കാളിത്തം അനിശ്ചിതത്വത്തിലുമാണ്.