തിരുവനന്തപുരം: മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ), ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ, ഇഡി അന്വേഷണം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കാൻ അനുവദിക്കരുത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ അന്വേഷണവും (എസ്എഫ്‌ഐഒ) ഇ ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെയാണ് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കളങ്കിതവും, നിയവിരുദ്ധവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാസപ്പടി കേസിലെ ഇഡി, എസ്എഫ്‌ഐഒ അന്വേഷണമെന്ന് സിഎംആർഎൽ ആരോപിച്ചു. എടി സെറ്റിൽമെന്റ് കമ്മീഷന്റെ ഉത്തരവ് പൊതു രേഖ അല്ല. ഐടി ആക്ടിന്റെ 245 ജി വകുപ്പ് പ്രകാരം ഈ രേഖകൾ ആരെങ്കിലും പരിശോധിക്കണമെങ്കിൽ ഐടി സെറ്റിൽമെന്റ് കമ്മീഷന്റെ അനുമതി ആവശ്യമാണ്. എന്നാൽ ചട്ടവിരുദ്ധമായി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പ് ഷോൺ ജോർജിന് ലഭിച്ചു. ഇത് ഐടി ആക്ടിന്റെ ലംഘനം ആണെന്ന് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഷോൺ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐഒ അന്വേഷണത്തിന് കമ്പനി കാര്യ മന്ത്രാലയം ഉത്തരവ് ഇട്ടത്. എന്നാൽ ചട്ട വിരുദ്ധമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്എഫ്‌ഐഒ യോ, മറ്റ് ഏതെങ്കിലും ഏജൻസികളോ ഈ വിഷയത്തിൽ അന്വേഷണം നടത്തരുത് എന്നാണ് സിഎംആർഎല്ലി -ന്റെ ആവശ്യം.