- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട്ടെ മോക്ക് പോൾ വിവാദത്തിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിക്ക് അധിക വോട്ട് ലഭിച്ചതിനെ ചൊല്ലി സുപ്രീം കോടതിയിൽ വാദം നടന്നപ്പോഴാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മോക് പോളിനിടെ, കക്ഷികൾക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാറാണെന്നും അത് ഉടൻ തന്നെ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. കാസർകോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ റിട്ടേണിങ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. വിശദമായ റിപ്പോർട്ട് നൽകാമെന്നും കമ്മീഷൻ വ്യക്തമാക്കി.
കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ പരാതി. കാസർകോട് ലോക്സഭാ സ്ഥാനാർത്ഥിയും സിപിഎം നേതാവുമായ എം വി ബാലകൃഷ്ണന്റെയും യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെയും ഏജന്റുമാർ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ കെ. ഇൻബാശേഖറിനു പരാതി നൽകി. ഇന്നലെ നടത്തിയ മോക് പോളിലാണ് സംഭവം.
എന്നാൽ മോക്പോളിന്റെ ആദ്യ മൂന്ന് റൗണ്ടിലും ബിജെപിക്ക് പോൾ ചെയ്യാതെ വോട്ട് ലഭിച്ചെന്ന് യുഡിഎഫ് ഏജന്റ് നാസർ ആരോപിച്ചു. സംഭവത്തിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയിരുന്നു. അവസാന റൗണ്ടിൽ പ്രശ്നം പരിഹരിച്ചു. വോട്ടിങ് മെഷീനിൽ പ്രശ്നങ്ങളില്ലെന്നും പോളിങ് ദിവസം ഇത്തരത്തിലുള്ള അപാകതകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.
കാസർകോട് ബിജെപിക്ക് മോക് പോളിൽ പോൾ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം ഇന്ന് സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയതിൽ ഇതുവരെ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്നും 4 കോടി വിവി പാറ്റുകളിൽ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്.