- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ അമിതായ സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോ എന്നും കോടതി ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ മനസിലാക്കണമെന്നും ഹർജിക്കാരോട് കോടതി പറഞ്ഞു. കമ്മിഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരാണെന്നാണു കോടതിയുടെ നിരീക്ഷണം. അതേസമയം, വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന് ഹർജിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാൻ മാറ്റി.
നാല്കോടി വിവിപാറ്റുകൾ ഇതുവരെ എണ്ണിയതിൽ ഒന്നിൽ പോലും പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു. വോട്ടിങ് മെഷീനിൽ തിരിമറി നടത്താനോ ഹാക്ക് ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. വിവിപാറ്റിന്റെ രീതിയിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും കമ്മീഷൻ പറഞ്ഞു.
നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണണമെന്ന ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയിൽ നടന്നത്. നിലവിലെ സംവിധാനത്തെ കുറിച്ച് പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്. ഇതിൽ വ്യക്തത തേടിയാണ് കോടതിയിൽ എത്തിയതെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ, അമിത സംശയം നല്ലത് അല്ലെന്നും സാങ്കേതിക ഘടകങ്ങൾ മനസിലാക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് കോടതി വാക്കാൽ പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ട്. വോട്ടിങ് ശതമാനം കൂടുകയാണ്.
ഇത് ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണ്. വിദേശത്ത് മാത്രമല്ല ഇന്ത്യയിലും സംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് കോടതി ഹർജിക്കാരെ ഓർമ്മിപ്പിച്ചു. വിവി പാറ്റ് സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ കോടതിയിൽ വിശദീകരിച്ചു. ഇലക്ടൽ ബാലറ്റ് തയാറാക്കുന്നത് റിട്ടേണിങ് ഓഫീസർമാരാണ്. ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല. വോട്ടിങ് മെഷീനിന്റെ സോഫ്റ്റ്വെയർ തയാറാകുന്നത് മെഷീൻ നിർമ്മിക്കുമ്പോഴാണ്.
ഏതു മണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല. രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലാണു ബാലറ്റുകളും ചിഹ്നങ്ങളും മെഷീനിൽ ലോഡ് ചെയ്യുന്നത്. പോളിങ് ഉദ്യോഗസ്ഥർക്കു മെഷീനുകൾ കൈമാറുന്നതും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. തിരഞ്ഞെടുപ്പ് ദിവസം രാവിലെയും മോക്ക് പോൾ നടത്താറുണ്ട്. 100 ശതമാനം മെഷീനുകളിലും മോക്ക് പോൾ നടത്താറുണ്ട്.
അതേസമയം, തിരഞ്ഞെടപ്പ് സമയത്ത് വോട്ടിങ് മെഷീനെപ്പറ്റി സംശയമുയർത്തുന്നത് തെറ്റിദ്ധാരണ പരത്തുമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു. വോട്ടിങ് ശതമാനത്തെ ബാധിക്കുമെന്നും ജനാധിപത്യത്തിന് ക്ഷീണമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
ഹർജിക്കാരെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. വോട്ടർമാരുടെ അവകാശത്തെ ഹർജിക്കാർ തമാശയാക്കി മാറ്റുകയാണ്. വളച്ചൊടിച്ച വാർത്തകളുമായിട്ടാണ് ഹർജിക്കാർ കോടതിയിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽകുമ്പോഴാണ് ഹർജിയെന്നും ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഡാറ്റയിൽ കൃത്രിമത്വം നടത്താനാകുമെന്ന് കേസിലെ ഹർജിക്കാരനായ മലയാളി സാബു സ്റ്റീഫൻ വാദിച്ചു.