- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് കിട്ടിയിട്ടില്ല
തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെയാണ് ഈ വിവരം അറിയിച്ചത്. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.
അതേസമയം, കേസിൽ ചില പ്രധാന വിവരങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്നയുടെ അച്ഛൻ കോടതിയിൽ പറഞ്ഞു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്നും ജെസ്നയുടെ അച്ഛൻ ആരോപിച്ചു. എന്നാൽ, കേസിൽ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. കേസ് 23 ലേക്ക് മാറ്റി.
പത്തനംതിട്ടയിൽനിന്ന് കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം നടത്താൻ സിബിഐ. തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിബിഐ. സംഘം ശരിയായി കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന സുഹൃത്തിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
സിബിഐ. പിന്നിലുണ്ടെന്ന് ബോധ്യമായാൽ അജ്ഞാത സുഹൃത്ത് തെളിവുകൾ നശിപ്പിക്കും. രഹസ്യസ്വഭാവത്തോടെ സിബിഐ. അന്വേഷിക്കാൻ തയ്യാറായാൽ അയാളുടെ ഫോട്ടോ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും ഹർജിയിൽ പറയുന്നു.
ജസ്ന രഹസ്യമായി വ്യാഴാഴ്ചകളിൽ പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയതായും ജെയിംസ് ജോസഫ് അവകാശപ്പെട്ടു. ജസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. സിബിഐ. ആകെ സംശയിച്ചത് ജസ്നയുടെ സഹപാഠിയെയാണ്. കാണാതായതിന്റെ തലേദിവസം ജസ്നയ്ക്ക് ഉണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താനും സിബിഐ. ശ്രമിച്ചില്ല. ആർത്തവം മൂലമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ള അമിത രക്തസ്രാവമാണോ ഇതെന്ന് കണ്ടെത്താൻ ശ്രമിച്ചില്ല. ജസ്നയുടെ മുറിയിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ശേഖരിച്ച രക്തംപുരണ്ട വസ്ത്രത്തെക്കുറിച്ചും സി. ബി.ഐ. അന്വേഷണം നടത്തിയില്ല.
ജെയിംസ് ജോസഫ് ഈ ആരോപണങ്ങൾ കോടതിയിൽ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാൻ സിബിഐ. പ്രോസിക്യൂട്ടർക്കായിരുന്നില്ല. വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്.
2018 മാർച്ച് മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ ഏറ്റെടുത്തത്. 2021 ഫെബ്രുവരിയിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന് കണ്ടെത്താനായില്ല.