ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ വസ്തുതകളെ കുറിച്ച് ബോധ്യമുണ്ടെന്ന് സുപ്രീം കോടതി. കേസിൽ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതപരമായ പിഴവുണ്ടെന്നും തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ വാദിച്ചപ്പോളാണ് കോടതിയുടെ പ്രതികരണം.

എന്നാൽ, കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്‌നമായതെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശിനോട് സുപ്രീം കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ചാണ് ആന്റണി രാജുവിന്റെ ഹർജി പരിഗണിച്ചത്.

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് കോടതി പറഞ്ഞു. പിഴവ് ചൂണ്ടിക്കാട്ടിയതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കേസ് വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിന് തുടർന്ന് അടുത്തമാസം ഏഴിലേക്ക് മാറ്റി.

നേരത്തെ തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന് കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്റണി രാജു സമർപ്പിച്ച് ഹർജി തള്ളണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലം സർക്കാർ വൈകിപ്പിക്കുന്നതിന് എതിരെ സുപ്രീംകോടതി കടുത്ത വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ അന്റണി രാജുവിനായി അഭിഭാഷകൻ ദീപക് പ്രകാശ് ഹജാരായി. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.