- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
ന്യൂഡൽഹി: പ്ലസ്ടു കോഴക്കേസിൽ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിജിലൻസ് ലീഗൽ അഡൈ്വസറുടെ നിയമോപദേശം ഉൾപ്പെടുത്തിയ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് സുപ്രീം കോടതിയുടെ വിമർശനം. നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് നീക്കാൻ ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ ബെഞ്ച് ഷാജിയോട് നിർദേശിച്ചു.
അഭിഭാഷകൻ സർക്കാരിന് കൈമാറുന്ന നിയമോപദേശം പ്രിവിലെജ്ഡ് കമ്മ്യുണിക്കേഷനാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നിയമോപദേശം സത്യവാങ്മൂലത്തിൽനിന്ന് നീക്കാൻ ഷാജിയോട് നിർദേശിച്ചു. തെളിവ് നിയമം അനുസരിച്ച് ഈ രേഖ കോടതിയിൽ ഹാജരാക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വിരമിച്ച ജഡ്ജിമാരുടെ നിയമോപദേശം സമീപകാലത്ത് പലരും വിചാരണ കോടതികളിൽ വരെ ഹാജരാക്കാറുണ്ടെന്ന് കേസിൽ ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാട്ടി. തുടർന്നാണ് സത്യവാങ്മൂലത്തിൽ നിന്ന് നിയമോപദേശം നീക്കാൻ സുപ്രീം കോടതി കെ.എം. ഷാജിക്ക് നിർദ്ദേശം നൽകിയത്.
പ്ലസ് ടു കോഴ ഇടപാടിൽ കെ.എം. ഷാജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വ്യക്തമാക്കി വിജിലൻസിന്റെ കോഴിക്കോട്ടെ അഡീഷണൽ ലീഗൽ അഡൈ്വസർ നൽകിയ നിയമോപദേശമാണ് സത്യവാങ്മൂലത്തിനൊപ്പം ഷാജി കോടതിയിൽ ഹാജരാക്കിയിരുന്നത്. അഴിമതി നടന്നതിന് തെളിവില്ലെന്നും വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്നും നിയമോപദേശത്തിൽ പരാമർശിച്ചിരുന്നു.
എന്നാൽ ഇത് ഹൈക്കോടതി രേഖകളിലുണ്ടായിരുന്നുവെന്ന് ഷാജിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അറിയിച്ചു. കോഴ ആരോപണത്തിൽ കേസ് എടുക്കാനാകില്ലെന്നാണ് നിയമോപദേശം എന്ന് വ്യക്തമാക്കാനാണ് ഇത് എതിർഭാഗം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയത്.
അതേസമയം ഷാജിക്കെതിരേ വിജിലൻസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നൽകിയ ഹർജി ഒക്ടോബർ 22-ന് സുപ്രീം കോടതി വാദം കേൾക്കും. കേസിൽ ഇഡിയുടെ ഹർജിയും അന്ന് പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദ്, ഇ ഡിക്കായി എഎസ് ജി എസ് വി രാജു എന്നിവർ ഹാജരായി.