- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസ്ന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ
തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി ബി ഐ. ചൊവ്വാഴ്ച തിരുവനന്തപുരം സി ജെ എം കോടതിയിലാണ് സിബിഐ. ഇക്കാര്യം വ്യക്തമാക്കിയത്. ജസ്നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കോടതിയിൽ മുദ്രവെച്ച കവറിൽ നൽകണമെന്നും സിബിഐ. ആവശ്യപ്പെട്ടു. മെയ് മൂന്നാം തീയതി ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിവരങ്ങൾ കൈമാറണമെന്നും സിബിഐ. കോടതിയിൽ പറഞ്ഞു.
ജെസ്ന തിരോധാനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സി ബി ഐ നൽകിയ റിപ്പോർട്ടിനെതിരേ ജസ്നയുടെ പിതാവ് ജെയിംസാണ് കോടതിയെ സമീപിച്ചത്. പലകാര്യങ്ങളും സി ബി ഐ അന്വേഷിച്ചില്ലെന്നായിരുന്നു പിതാവ് ജയിംസ് ജോസഫ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫിന്റെ ഹർജിയിൽ പറയുന്നത്. ജെസ്നയെ കണ്ടെത്താനായില്ലെന്നും മരിച്ചോ എന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നേരത്തെ കോടതിയെ സമീപിച്ചത്. പുതിയ തെളിവുകൾ ലഭിച്ചാൽ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജെസ്നയുടെ പിതാവ് കോടതിയെ സമീപിച്ചത്.
ജസ്നയുടെ രക്തംപുരണ്ട വസ്ത്രം, അജ്ഞാതസുഹൃത്ത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ അന്വേഷണം നടന്നില്ലെന്നായിരുന്നു പിതാവിന്റെ ആരോപണം. വ്യാഴാഴ്ചകളിൽ ജസ്ന ഒരു പ്രാർത്ഥനകേന്ദ്രത്തിൽ പോകാറുണ്ടായിരുന്നു, അവിടെ ജസ്നയ്ക്ക് ഒരു അജ്ഞാതസുഹൃത്തുണ്ടായിരുന്നതായും ഇദ്ദേഹം പറഞ്ഞിരുന്നു.
ജെസ്ന വീട്ടിൽനിന്ന് പോകുന്നതിനു ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ജെസ്ന രഹസ്യമായി പ്രാർത്ഥിക്കാൻപോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്നയുടെ തിരോധാനത്തിൽ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയിൽ ചൂണ്ടിക്കായിട്ടിയിരുന്നു. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ലോക്കൽപൊലീസോ തങ്ങളോ എടുത്തിട്ടില്ലെന്നാണ് സിബിഐ നിലപാട്.