- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കല ചെമ്മരുതി ലേഖ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
തിരുവനന്തപുരം: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന വർക്കല ചെമ്മരുതി ലേഖ കൊലക്കേസിൽ പ്രതി വർക്കല ചെമ്മരുതി സ്വദേശി മഹേഷിന് (28) ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. വിഷ്ണു ആണ് പ്രതിയെ ശിക്ഷിച്ചത്.
വിവാഹം നടന്ന് 3 മാസത്തിനകമാണ് കൊല നടന്നത്. പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം അധിക കഠിന തടവ് അനുഭവിക്കണം. പിഴ സംഖ്യ കൊല്ലപ്പെട്ട ലേഖയുടെ മാതാവിന് നൽകാനും വിധിയിൽ പറയുന്നു. 2010 ൽ വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത് ചാർജ് ചെയ്ത കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ആർ.ഷാജിയാണ് ഹാജരായത്.
ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നത് വിവാഹ മോചനക്കേസിന് അടിസ്ഥാന കാരണമായി കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യാവുന്നതാണെന്നും എന്നാൽ നിയമം കയ്യിലെടുത്ത് അരുംകൊല ചെയ്ത പ്രതിക്ക് യാതൊരു ദാക്ഷിണ്യത്തിനും അർഹതയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
2010 ഓഗസ്റ്റ് 22 ഉത്രാടം നാളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പിറ്റേദിവസം തിരുവോണം നാളിൽ പ്രതിയുടെ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചു. പ്രതി 3 മാസങ്ങൾക്കു മുൻപ് വിവാഹം കഴിച്ചു കൊണ്ടു വന്ന ലേഖയെ തന്റെ വീട്ടിൽ വച്ചു മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലചെയ്തുവെന്നാണ് കേസ്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും 11മുതലുകളും തെളിവിലേക്ക് ഹാജരാക്കുകയും ചെയ്തു. പ്രതി ഭാഗത്തു നിന്നും 2 സാക്ഷികളെ വിസ്തരിച്ചുവെങ്കിലും തെളിവുമൂല്യം വിലയിരുത്തിയ കോടതി അവ തള്ളി.