ഹൈദരാബാദ്: ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റിന് മേൽ അവകാശവാദം ഉന്നയിച്ച തെലങ്കാന വഖഫ് ബോർഡിന്റെ ഹർജി തെലങ്കാന ഹൈക്കോടതി തള്ളി.

ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് അനിൽ കുമാർ ജുകാന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വഖഫ് ബോർഡിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. "വഖഫ് ബോർഡിന്റെ നടപടികൾ അധികാരപരിധിക്ക് പുറത്തതാണ്" എന്ന് കോടതി വ്യക്തമാക്കി.

വൈസ്രോയ് ഹോട്ടൽസ് എന്നാണ് നേരത്തെ മാരിയറ്റ് അറിയപ്പെട്ടിരുന്നത്. 1995 ലെ വഖഫ് നിയമത്തിലെ സെക്ഷൻ 54 പ്രകാാരമാണ് 2007 ഓഗസ്റ്റിൽ വഖഫ് ബോർഡ് അന്നത്തെ വൈസ്രോയ് ഹോട്ടൽസിന് എതിരെ നിയമപരമായി നീങ്ങിയത്. ഹോട്ടൽ ഇരിക്കുന്ന സ്ഥലം തങ്ങളുടേതല്ലെന്ന് വഖഫ് ബോർഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീടും തുടർച്ചയായി കേസുകൾ വന്നു..

1964 ൽ അബ്ദുൾ ഗഫൂർ എന്നയാൾ സിവിൽ കേസ് ഫയൽ ചെയ്തു. 1968 ലെ ഹൈക്കോടതി ഉത്തരവടക്കം പല കോടതി ഉത്തരവുകൾ വന്നിട്ടും വഖഫ് ബോർഡ് വിട്ടുകൊടുത്തില്ല. 2014 ലാണ് ഏറ്റവും ഒടുവിലത്തെ കേസ് വന്നത്. അതിന്റെ തുടർച്ചയായ നടപടി ക്രമങ്ങളുടെ അവസാനമാണ് മാരിയറ്റ് വഖഫ് ബോർഡിന്റെ സ്ഥലമല്ലെന്ന് തെലങ്കാന ഹൈക്കോടതി വിധിച്ചത്.

വഖഫ് ബോർഡിന്റെ തന്നെ അന്വേഷണത്തിൽ ഭൂമി വഖഫ് സ്വത്തല്ലെന്ന് കണ്ടെത്തിയത് കോടതി എടുത്തുപറഞ്ഞു. ഒരിക്കൽ വഖഫ് സ്വത്തല്ലെന്ന് കണ്ടെത്തിയ ഭൂമിയിൽ വീണ്ടും അവകാശവാദം ഉന്നയിക്കുന്നത് 1968 ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി തടഞ്ഞിരുന്നതും കോടതി വിധിയിൽ പരാമർശിച്ചു. അതുകൊണ്ട് ഈ വിഷയം വീണ്ടും ഉന്നയിക്കുന്നതിൽ നിന്ന് വഖഫ് ബോർഡിനെ കോടതി തടഞ്ഞിരിക്കുകയാണ്.