തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ, മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതി 3 നിർദ്ദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അസഭ്യം പറയൽ എന്നീ പരാതികളാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.

യദുവിന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ നാലാം തീയതിയും സമാന സംഭവത്തിന് കന്റോൺമെന്റ് പൊലീസ് മേയർക്കും ഭർത്താവിനും ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുമെതിരെ കേസെടുത്തിരുന്നു. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് കാട്ടി നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു ബൈജു നോയൽ നൽകിയ പരാതി.

സമാനസ്വഭാവമുള്ള ഹർജിയിൽ കഴിഞ്ഞ ദിവസം എടുത്ത കേസിൽ അന്വേഷണം നടത്തുന്ന കാര്യം സർക്കാർ കോടതിയെ അറിയിക്കാനാണ് സാധ്യത. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ബസ്സിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുള്ള കെഎസ്ആടിസി വർക്ക്‌ഷോപ്പിൽ വച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകൾ പൊലീസ് ശേഖരിച്ചു. യദു ഉൾപ്പെടെ ബസ് ഓടിച്ചവർ ബസിലുണ്ടായിരുന്ന കണ്ടക്ടർമാർ എന്നിവരുടെ മൊഴി പൊലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.