തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വിചാരണ കോടതി വിട്ടയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

മരണകാരണം വ്യക്തമാക്കാത്ത മെഡിക്കൽ തെളിവിന്റെ അഭാവത്തിലും തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതിൽ വർക്കല പൊലീസ് അലംഭാവം കാട്ടിയെന്നും വിധിന്യായത്തിൽ വിലയിരുത്തിയാണ് പ്രതികളെ വെറുതെ വിട്ടത്. കൊട്ടാരക്കര സ്വദേശിനി നിഷ ഭർതൃവീട്ടിൽ കൊല്ലപ്പെട്ടത് സ്ത്രീധന- ഗാർഹിക പീഡനത്തെ തുടർന്നാണെന്നാണ് പൊലീസ് കേസ്.

ഭർത്താവ് രാമന്തളി പുതുവീട്ടിൽ ദീപു, ഭർതൃ മാതാവ് സുഭദ്ര എന്നിവരാണ് പ്രതികൾ. 2020 ഒക്ടോബർ 25 നാണ് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ നിഷ മരണമടഞ്ഞത്. ദീപുവും അമ്മ സുഭദ്രയും നിഷയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്നു. നിഷയെ ഇവർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ.

ദീപു മദ്യപാനിയായിരുന്നെന്നും നിഷയെ മർദ്ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. നിഷയുടെ രക്ഷിതാക്കൾ ഇവരുടെ വിവാഹത്തിന് നൽകിയ സ്വർണത്തേയും പണത്തെയും ചൊല്ലിയാണ് സ്ഥിരമായി തർക്കം ഉണ്ടായത്. വെള്ളിയാഴ്ച പൊള്ളലേറ്റ നിഷ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നിഷയെ പ്രവേശിപ്പിച്ചിരുന്നു. നിഷയുടെ ശരീരത്തിൽ സുഭദ്ര മണ്ണെണ്ണ ഒഴിക്കുകയും ദീപു തീ കൊളുത്തുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ. കൊട്ടാരക്കര സ്വദേശിനിയായ നിഷയും ദീപുവും 1999 ലാണ് വിവാഹിതരായത്. പ്രതികൾക്ക് വേണ്ടി ഡിഫൻസ് കൗൺസൽ അനുജ ഹാജരായി.