തിരുവനന്തപുരം: നെടുമങ്ങാട് മീരാ കൊലക്കേസിൽ പ്രതികളായ മീരയുടെ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവും 3.50 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. പിഴയൊടുക്കാത്ത പക്ഷം 8 വർഷം, പ്രതികൾ അധിക കഠിന തടവനുഭവിക്കാനും ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടു.

അവിഹിത ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമന്റു കട്ട വെച്ചു കെട്ടി പൊട്ട കിണറ്റിൽ തള്ളുകയായിരുന്നു. ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29), ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവുമായ രണ്ടാം പ്രതി നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നിവരെയാണ് വിചാരണ ചെയ്ത് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

മീരയുടെ മരണകാരണം മീരയുടെ കഴുത്തിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുണ്ടായിട്ടാണെന്ന് കണ്ടെത്തിയതായി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ കഴിഞ്ഞ വിചാരണ ദിവസം മൊഴി നൽകിയിരുന്നു.. ഇത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിലൂടെ സംഭവിച്ചതാകാമെന്ന മെഡിക്കൽ വിദഗധ മൊഴിയും ഡോക്ടർ നൽകി. വിചാരണ കോടതി മുമ്പാകെയാണ് ഡോക്ടറുടെ മൊഴി വന്നത്. പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് പ്രോസിക്യൂഷൻ ഭാഗം രേഖയാക്കി മുൻ ജഡ്ജി രാധാകൃഷ്ണൻ തെളിവിൽ സ്വീകരിച്ചു. ജൂൺ 10 ന് കൃത്യം നടന്ന് 19 ദിവസങ്ങൾക്ക് ശേഷം ജൂൺ 30 ന് കിണറ്റിൽ നിന്ന് മീരയുടെ ശവ ശരീരം പുറത്തെടുക്കുമ്പോൾ ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. മൃതശരീരത്തിൽ ഫംഗസും വസ്ത്രങ്ങളിൽ മണലും പറ്റിപ്പിടിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം ചെയ്യും മുമ്പ് കാണപ്പെട്ട പരിക്കുകൾ ആന്റി മോർട്ടം പരിക്കുകളായി രേഖപ്പെടുത്തിയതായും ഡോക്ടർ മൊഴി നൽകി.

2019 ജൂൺ 30 മുതൽ ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന പ്രതികളായ അമ്മയ്ക്കും കാമുകനും വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിരസിച്ചിരുന്നു. പ്രതികളെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂൺ 30 മുതൽ റിമാന്റ് പ്രതികളായും തുടർന്ന് വിചാരണ തടവുകാരായും പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ്.

2019 ജൂൺ 10 തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്താൻ കൃത്യത്തിന് ആറു മാസം മുമ്പേ പ്രതികളായ അമ്മയും കാമുകനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മീരയുടെ പിതാവ് രണ്ടു വർഷം മുമ്പ് മരിച്ചു. അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമുള്ളതല്ലെന്ന് മീരക്ക് ബോധ്യമായത് ആറു മാസം മുമ്പാണ്. അന്നു മുതൽ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. ഇതോടെ മകളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യ പദ്ധതി. പലവുരു അതിന് തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാഞ്ഞതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തു ഞെരിച്ചു കൊന്നത്.

മഞ്ച പേരുമല ചരുവിളയിൽ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കണ്ട് അമ്മക്കുള്ള പൊതിച്ചോറുമായി എത്തിയതായിരുന്നു മീര. ഇരുവരുടെയും അവിഹിത ബന്ധം നേരിൽ കണ്ട മീര മുറിയിൽ അനീഷിനെ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്തു. തൽസമയം നാട്ടിലുള്ള ചില ആൺകുട്ടികളുമായി മകൾക്കും ബന്ധമുണ്ടെന്ന് പറഞ്ഞ് മകളെ മഞ്ജുഷ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. കട്ടിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. തൽസമയം പുറത്ത് നല്ല മഴയായിരുന്നു. മീര കരഞ്ഞ് ഒച്ച വെക്കാൻ ശ്രമിച്ചപ്പോൾ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു. പിന്നീട് അനീഷും കഴുത്തു ഞെരിച്ചു. കുഴഞ്ഞു വീണ മീരയെ കട്ടിലിന് സമീപം കിടത്തി പുതപ്പു കൊണ്ടു കൂടി. അർദ്ധ രാത്രിയോടെ മീരയെ അനീഷും മഞ്ജുഷയും ചേർന്ന് ബൈക്കിൽ ഇരുത്തി യാത്ര ചെയ്ത് അഞ്ചു കിലോമീറ്റർ മാറി കരിപ്പൂർ കാരാന്തലയിലെത്തിച്ചു. അനീഷിന്റെ വീടിനടുത്തുള്ള കുരിശടിക്ക് സമീപത്തെ പൊട്ടക്കിണറ്റിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. ജീവന്റെ തുടിപ്പ് കണ്ടിട്ടും മരണത്തിലേക്കു തള്ളി വിടുകയായിരുന്നു. മഞ്ജുഷ വീണ്ടും കഴുത്തു ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. തുടർന്ന് മീരയുടെ ശരീരത്തിൽ സിമന്റു കട്ട കെട്ടി കിണറ്റിലെറിഞ്ഞു. തുടർന്ന് മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോകുകയാണെന്നും അമ്മ വത്സലയോടും അച്ഛൻ രാജേന്ദ്രനോടും മൂത്ത സഹോദരിയോടും ഫോൺ ചെയ്തറിയിച്ചു. തന്റെ വാടക വീട്ടിലെ സാമഗ്രികൾ അവിടെ നിന്ന് മാറ്റി വീട് ഒഴിയണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഇരുവരും നാഗർകോവിൽ വാട്ടർ ടാങ്ക് റോഡിന്
സമീപം ലോഡ്ജിലും തുടർന്ന് ഒരു വീട് വാടകക്കെടുത്തും ഒളിവിൽ കഴിഞ്ഞു.

സംഭവ ദിവസം തിങ്കളാഴ്ച രാത്രി മീരയുടെ ജീവനെടുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പും അനീഷ് പൂർത്തിയാക്കിയിരുന്നു. സ്വന്തം വീട്ടിൽ നിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വൈകിട്ട് ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തുകയായിരുന്നു. തന്റെ മകൾ മഞ്ജുഷയെയും പേരക്കുട്ടി മീരയെയും വൈകിയും കാണാനില്ലാത്തതിനാൽ മഞ്ജുഷയുടെ മാതാവ് വത്സല നെടുമങ്ങാട് പൊലീസിൽ നൽകിയ പരാതിയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.

പൊലീസ് ചോദ്യം ചെയ്യലിൽ മീര വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചുവെന്നും അപമാന ഭാരത്താൽ കിണറ്റിൽ തള്ളിയെന്നുമാണ് ആദ്യം പറഞ്ഞത്. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പൊലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നും പറഞ്ഞു. എന്നാൽ ആരോപണ വിധേയരായ യുവാക്കളുടെയും മീരയുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

ഫോറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലും മീര പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
2019 ഒക്ടോബർ 11 നാണ് നെടുമങ്ങാട് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.