- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന ഇഡി വാദം തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിനിടെ, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന ഇഡി വാദം സുപ്രീം കോടതി തള്ളി. 'നിങ്ങൾ എഎപിക്ക് വോട്ടുചെയ്താൽ, എനിക്ക് ജയിലിലേക്ക് മടങ്ങി പോകേണ്ടി വരില്ലെന്ന' കെജ്രിവാളിന്റെ പരാമർശമാണ് ഇഡി ഉയർത്തിക്കാട്ടിയത്. കെജ്രിവാളിന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും തങ്ങൾക്ക് അതിൽ ഒന്നും പറയാനാവില്ലെന്നും കോടതി പറഞ്ഞു. ജൂൺ രണ്ടിന് കെജ്രിവാൾ ജയിലിലേക്ക് മടങ്ങണമെന്ന ഉത്തരവ് വ്യക്തമാണ്. അത് കോടതിയുടെ തീരുമാനമാണ്. നിയമമാണ് തങ്ങളെ ഭരിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി ചോദ്യം ചെയ്ത് കേജ്രിവാൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.
ജാമ്യം സംബന്ധിച്ച് കേജ്രിവാളിന്റെ പ്രസംഗം ഇ.ഡിയും കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശം കേജ്രിവാളിന്റെ അഭിഭാഷകനും കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രത്യേക പരിഗണനയിലാണ് കേജ്രിവാളിന്റെ ജാമ്യമെന്ന അമിത് ഷായുടെ പ്രസംഗം പേരെടുത്തു പരാമർശിക്കാതെ അദ്ദേഹത്തിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്വി കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിലും കോടതി മറുപടിയൊന്നും പറഞ്ഞില്ല. ഒരാൾക്കും പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ലെന്നും പറയാനുള്ളത് വിധിയിൽ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയെ വിമർശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി പറഞ്ഞു.