- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒസിഐ കാർഡുടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് പൗരത്വം നൽകണം
ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ( ഒ സി ഐ) കാർഡ് ഉടമകളായ ദമ്പതികളുടെ 17 കാരിയായ മകൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം. ' ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും പഠിച്ചിട്ടും കുടുംബത്തോടൊപ്പം താമസിച്ചിട്ടും പെൺകുട്ടിക്ക് പാസ്പോർട്ട് കിട്ടിയില്ല. നിയമത്തിൽ വിവക്ഷിക്കുന്ന പ്രത്യേക സാഹചര്യമാണിത്', 1955 ലെ പൗരത്വം നിയമത്തിലെയും, 1967 ലെ പാസ്പോർട്ട് നിയമത്തിലെയും വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു.
അപേക്ഷിച്ചിട്ടും പാസ്പോർട്ട് കിട്ടാതെ വന്നതോടെയാണ് 17 കാരിയായ രചിത ഫ്രാൻസിസ് സേവ്യർ കോടതിയെ സമീപിച്ചത്. തന്റെ അച്ഛനും അമ്മയും നേരത്തെ ഇന്ത്യൻ പൗരന്മാരായിരുന്നു എന്ന് പെൺകുട്ടി കോടതിയെ ധരിപ്പിച്ചു. 2005 ലാണ് ഇരുവർക്കും അമേരിക്കൻ പൗരത്വം കിട്ടിയത്. താൻ ജനിച്ച സമയത്ത് മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായിരുന്നില്ല. എന്നാൽ, താൻ ഒരു അനധികൃത കുടിയേറ്റക്കാരിയല്ലെന്നും ഇന്ത്യയിൽ ജനിച്ച് വളർന്ന തനിക്ക് രജിസ്ട്രേഷൻ വഴി പൗരത്വത്തിന് അർഹതയുണ്ടെന്നും പെൺകുട്ടി വാദിച്ചു. പെൺകുട്ടിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. നേരത്തെ ഇന്ത്യൻ പൗരന്മാരായിരുന്ന മാതാപിതാക്കൾ പിന്നീട് യുഎസ് പൗരത്വം നേടിയതാണ് എന്ന വസ്തുത പരിഗണിക്കുമ്പോൾ, പെൺകുട്ടിയുടെ വാദത്തിൽ ന്യായമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഒസിഐ കാർഡുടമകൾക്ക് ഇന്ത്യയിൽ താമസിക്കാനും കുടുംബം പുലർത്താനും സ്വാതന്ത്ര്യമുണ്ട്. രചിത ഫ്രാൻസിസ് സേവ്യറുടെ മാതാപിതാക്കൾ, കുട്ടി ജനിക്കുമ്പോൾ ഒസിഐ കാർഡുടമകൾ ആയിരുന്നു. ജനന ശേഷം പെൺകുട്ടി തുടർച്ചയായി ഇന്ത്യയിൽ താമസിച്ചിട്ടുണ്ട്. വിദ്യാഭ്യാസവും ഇവിടെ തന്നെയായിരുന്നു. ഇപ്പോഴാണ് പാസ്പോർട്ടിനായി അപേക്ഷിച്ചത്. അതുകൊണ്ട് തന്നെ പൗരത്വ നിയമത്തിലെ സെക്ഷൻ 5 പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ പെൺകുട്ടിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.
ഇന്ത്യൻ പൗരത്വവും പാസ്പോർട്ടും ഇല്ലാത്തതുകൊണ്ട് പെൺകുട്ടിക്ക് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല. കോടതി കേന്ദ്രർക്കാരിന് നിർദ്ദേശം നൽകിയതോടെ അക്കാര്യത്തിൽ പരിഹാരമായി. 2006 നവംബർ 7 നാണ് ജോസഫ് ഫ്രാൻസിസ് സേവ്യറുടെയും, ലീല ഫ്രാൻസിസ് സേവ്യറുടെയും മകളായി രചിത ഫ്രാൻസിസ് സേവ്യർ ആന്ധ്രപ്രദേശിൽ ജനിച്ചത്. രചിതയുടെ ജനന സമയത്ത് മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരല്ല എന്നതാണ് പെൺകുട്ടിക്ക് പാസ്പോർട്ട് നിഷേധിക്കാൻ കാരണമായി ബെംഗളൂരുവിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ് പറഞ്ഞത്.
രചിത ബെംഗളൂരുവിലാണ് പഠിച്ചത്. വിദേശത്ത് പോയി ഉപരിപഠനം നടത്താനാണ് പാസ്പോർട്ടിന് അപേക്ഷിച്ചത്. പാസ്പോർട്ട് നിരസിച്ചതോടെ താൻ രാജ്യമില്ലാത്തവളായെന്ന് പെൺകുട്ടി വാദിച്ചു. 1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 5(4) പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്ക് പൗരത്വം നൽകാൻ കേന്ദ്രസർക്കാരിനെ അനുവദിക്കുന്ന കാര്യവും കോടതി വിധിയിൽ എടുത്തുപറഞ്ഞു.