- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദ്ദേശം റദ്ദാക്കി
കൊച്ചി: കേരള സർവ്വകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നാമനിർദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ നോമിനേഷൻ നടത്താൻ വൈസ് ചാൻസലർക്ക് കോടതി നിർദ്ദേശം നൽകി. ഇതോടൊപ്പം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം സിംഗിൾ ബഞ്ച് ശരിവച്ചു. നാല് വിദ്യാർത്ഥികളെ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത നടപടിയാണ് റദ്ദാക്കിയത്.
ഹ്യുമാനിറ്റീസ്, ഫൈൻആർട്സ്, സയൻസ്, സ്പോർട്സ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്തത്. ഇവരെല്ലാം എബിവിപി പ്രവർത്തകരാണെന്നായിരുന്നു ആരോപണം. ഓരോ മേഖലയിലും പ്രാവീണ്യം നേടിയവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യുക. രാഷ്ട്രീയ പശ്ചാത്തലം നോക്കി നിയമനം നടത്തിയെന്നായിരുന്നു ആരോപണം. ഇതേ തുടർന്ന് സർവകലാശാലാ രജിസ്ട്രാർ സെനറ്റിലേക്ക് നൽകിയ പട്ടികയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പരാതി നൽകി. തങ്ങളുടെ കഴിവുകൾ പരിഗണിക്കാതെയാണ് ഗവർണർ നിയമനം നടത്തിയതെന്നും വിദ്യാർത്ഥികൾ ഹർജിയിൽ ആരോപിച്ചിരുന്നു.
സർവകലാശാല നൽകിയ ലിസ്റ്റിലുള്ള വിദ്യാർത്ഥികളെ പരിഗണിക്കാതിരിക്കാൻ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞിരുന്നു. നാമനിർദ്ദേശം നടത്തുന്നതിന് കൃത്യമായ മാർഗരേഖകളില്ല എന്നും അതിനാൽ ചാൻസലർ എന്ന നിലയിൽ തനിക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താമെന്നും ഗവർണർ കോടതിയെ അറിയിച്ചു. ഹർജി നൽകിയ വിദ്യാർത്ഥികൾക്ക് പറയാനുള്ളത് ഗവർണർ കേൾക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജി നൽകിയ വിദ്യാർത്ഥികളെയും പരിഗണിക്കണം. പുതിയ നാമനിർദ്ദേശം ആറ് ആഴ്ചയ്ക്കുള്ളിൽ സമർപിക്കാനും കോടതി നിർദേശിച്ചു.
ഹൈക്കോടതി നാമനിർദ്ദേശം റദ്ദാക്കിയത് ഗവർണർക്ക് വലിയ തിരിച്ചടിയായി. ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നോമിനികളായി ബിജെപി ബന്ധമുള്ളവരെയാണ് ഗവർണർ ഉൾപ്പെടുത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. സെനറ്റിലെ 17 പേരിൽ സർവകലാശാല നിർദേശിച്ച പട്ടിക തിരുത്തിയാണ് ഗവർണർ തനിക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്.17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തിയിരുന്നു.