തിരുവനന്തപുരം : അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്നെ ഡ്രൈവർ യദുവിന്റെ ഹർജി തള്ളി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോൺമെന്റ് പൊലീസ് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം സാക്ഷിയെന്നവകാശപ്പെടുന്ന ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാൻ അപേക്ഷ നൽകിയത്. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. ഡ്രൈവർക്കെതിരായ ലൈംഗികാക്ഷേപ കേസിലാണ് രഹസ്യ മൊഴി എടുക്കുന്നത്. കോടതിയിൽ കന്റോൺമെന്റ് പൊലീസാണ് അപേക്ഷ നൽകിയത്.

ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. യദു കോടതിയിൽ സമീപിച്ചതിന് പിന്നാലെയാണ് മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നത്.

അതേസമയം കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ കേസിലും ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. കേസിൽ ഡ്രൈവർ എൽഎച്ച് യദു,കണ്ടക്ടർ സുബിൻ , സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂവരും നൽകിയ മൊഴി പൊലീസ് വിശദമായി പരിശോധിച്ചു.

കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ഉടൻ ഗതാഗത മന്ത്രിക്ക് കൈമാറും. കേസിൽ മേയറും എംഎൽഎയും ഉൾപ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.