- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പടി കേസിൽ പൊലീസ് കേസെടുക്കണമെന്ന് ഇ ഡി
കൊച്ചി: വിവാദ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ കേസെടുക്കണമെന്ന് പൊലീസിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിലാണ് ഇഡിയുടെ മറുപടി സത്യവാങ്മൂലം.
വീണയുടെ ഐ.ടി. കമ്പനിയായ എക്സാലോജിക്കുമായുള്ള മാസപ്പടി ഇടപാട് ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് വീണ്ടും കത്ത് നൽകി. ഇടപാടുകളിൽ ഐ.പി.സി. പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഇ.ഡി. പൊലീസിനോട് ആവശ്യപ്പെട്ടത്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നൽകിയിരുന്നുവെന്നും വഞ്ചന, ഗൂഢാലോചനാ കുറ്റങ്ങൾ അടക്കം നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കി.
മാർച്ചിൽ ഇതുസംബന്ധിച്ച കത്ത് ഇ.ഡി. ഡിജിപിക്ക് നൽകിയിരുന്നു. എന്നാൽ, ഇതിൽ യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് ഈ മാസം പത്തിന് വീണ്ടുമൊരു കത്തുകൂടി ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ അയയ്ക്കുകയായിരുന്നു. ഇ.ഡിയുടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പൊലീസിന്റെ എഫ്.ഐ.ആർ. ആവശ്യമാണ്. സുപ്രീം കോടതിയുടെ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം ഇ.ഡി. മുന്നോട്ടുവെച്ചത്
കള്ളപ്പണ ഇടപാടാണ് തങ്ങൾ പരിശോധിക്കുന്നതെന്നും എന്നാൽ സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിയിൽ വരുന്ന ഗൂഢാലോചന, വഞ്ചന, അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ള കാര്യങ്ങളിൽ കേസെടുക്കാൻ പര്യാപ്തമാണെന്നുമാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
രണ്ടുതവണ കത്തയച്ചിട്ടും സംസ്ഥാന പൊലീസ് കേസെടുക്കാത്തത് ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജിയുമായടക്കം കോടതിയെ സമീപിക്കാനുള്ള മറ്റൊരു സാധ്യത കൂടിയാണ് ഇതുവഴി ഇഡി തുറന്നിട്ടത്. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ തള്ളിയിരുന്നു.
ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ആവശ്യം നിലവിലെ ഘട്ടത്തിൽ അനുചിതമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണം പ്രാരംഭ ദിശയിൽ മാത്രമാണ്. ഇസിഐആർ രജിസ്റ്റർ ചെയ്തു എന്ന് കരുതി പ്രതിയാകണമെന്നില്ല. അന്വേഷണത്തിന് ശേഷം ഭാവിയിൽ വിചാരണ നേരിടേണ്ടി വരാൻ സാധ്യതയുണ്ടെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്.