- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ഉടമയെ വഞ്ചിച്ച വ്യാപാരി നഷ്ടപരിഹാരം നൽകണം
കൊച്ചി: വാഹനത്തിന്റെ വ്യാജ ഹെഡ്ലൈറ്റുകൾ വിറ്റ് ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി ഒറിജിനൽ ഹെഡ് ലൈറ്റും 15,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ് നൽകി.
എറണാകുളം മഴുവന്നൂർ സ്വദേശി പ്രമോദൻ വി എസ്, പെരുമ്പാവൂർ റൂട്ട്സ് ഓട്ടോ പാർട്ട്സ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
മഹേന്ദ്ര ബൊലേറോ പിക്കപ്പ് വാനിന്റെ ഓണറും ഡ്രൈവറും ആണ് പരാതിക്കാരൻ. ഒർജിനൽ ആണെന്ന് വിശ്വസിപ്പിച്ച് നൽകിയ വാഹനത്തിന്റെ ഹെഡ് ലൈറ്റുകളിൽ വെള്ളം കയറിയതിനാൽ രാത്രി ഡ്രൈവിങ് അസാധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2023 ജനുവരിയിലാണ് രണ്ട് ഹെഡ്ലൈറ്റുകൾ എതിർകക്ഷിയിൽ നിന്നും പരാതിക്കാരൻ 5,600 രൂപയ്ക്ക് വാങ്ങിയത്. മഹേന്ദ്രയുടെ ഒറിജിനൽ ഹെഡ് ലൈറ്റുകൾ ആണെന്ന് എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകി. ഹെഡ്ലൈറ്റിൽ വെള്ളം കയറി ഉപയോഗശൂന്യമായ സാഹചര്യത്തിൽ അത് മാറ്റി നൽകാൻ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടും എതിർകക്ഷി തയ്യാറായില്ല.
മറ്റൊരു വർക്ക്ഷോപ്പിൽ വാഹനം പരിശോധനയ്ക്കായി നൽകിയപ്പോഴാണ് ഹെഡ്ലൈറ്റുകൾ ഒറിജിനൽ അല്ല വ്യാജമാണെന്ന് പരാതിക്കാരന് മനസ്സിലായത്. വ്യാജ ഹെഡ് ലൈറ്റ് നൽകി പരാതിക്കാരനെ കബളിപ്പിച്ച എതിർകക്ഷിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നാണ് പരാതിയിലെ ആവശ്യം.
' ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നം വിൽക്കുകയും അത് മാറ്റി നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്ത എതിർകക്ഷിയുടെ നടപടി അധാർമികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്,പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് ഡി. ബി. ബിനു പ്രസിഡണ്ടും വി. രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.