കൊച്ചി: നഗരത്തിലെ കാനകളുടെ ശുചീകരണത്തിൽ വീഴ്ച വരുത്തിയതിന് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. അവസാനനിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ഒരു മാസ്റ്റർ പ്ലാൻ വേണ്ടേയെന്നും ആരാഞ്ഞു. കോടതി തുടർച്ചയായി ഇടപെട്ടിട്ടും നടപടികൾ കാര്യക്ഷമമാവുന്നില്ലെന്നം ഹൈക്കോടതി പരാമർശിച്ചു.

കഴിഞ്ഞദിവസങ്ങളിലെ മഴയിൽ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ മുന്നിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കാനകളുടെ ശുചീകരണത്തിൽ പലവട്ടം പലകാര്യങ്ങളും പറഞ്ഞുമടുത്തുവെന്ന് കോടതി പറഞ്ഞു. കുറച്ചുനേരം മഴപെയ്താൽ തന്നെ വലിയ ദുരിതമാണ്. കോടതി തുടർച്ചയായി ഇടപെട്ടിട്ടും മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീഴ്ചകൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു കാരണമായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ മാറ്റിവയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ തവണ ഭേദപ്പെട്ട രീതിയിൽ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. എന്നാൽ അത് ഇത്തവണ ഉണ്ടായില്ല. ഇപ്പോഴാണ് ആ ജോലികൾ നടന്നുവരുന്നത്.

മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികൾ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോർപ്പറേഷൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജനങ്ങൾ ഇതൊക്കെ വിശ്വസിച്ച് സഹിച്ച് എന്നും മിണ്ടാതിരിക്കും എന്ന് കരുതരുത്. വേറെ വഴിയില്ലാത്തതുകൊണ്ടാണ് ജനങ്ങൾ മിണ്ടാതിരിക്കുന്നത്. സാധാരണ ജനങ്ങൾ ആയതുകൊണ്ടല്ലേ ഇതൊക്കെ മതി എന്നു കരുതുന്നത്. ഒരു വി.ഐ.പി പാർപ്പിട സമുച്ചയം ആയിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നും കോടതി ചോദിച്ചു.

മഴക്കാലത്തിന് മുമ്പുള്ള തയ്യാറെടുപ്പുകൾ ദുർബലമാണെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. കാനകളിൽ മാലിന്യം തള്ളുന്നത് വലിയ പ്രശ്നമാണെന്നാണ് കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെതിരെ മിന്നൽ പരിശോധനയടക്കം നടത്തുന്നുണ്ടെന്നും കോടതിയെ ബോധിപ്പിച്ചു. അതേസമയം, ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.