- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് യുജി പരീക്ഷയിൽ ഗ്രേസ് മാർക്ക് കിട്ടിയ 1563 പേരുടെ ഫലം റദ്ദാക്കി
ന്യൂഡൽഹി: നീറ്റ് യു ജി പരീക്ഷയിൽ ഗ്രേസ് മാർക്ക് കിട്ടിയ 1563 പേർ വീണ്ടും പരീക്ഷ എഴുതണം. പരീക്ഷാ നടത്തിപ്പ് വിവാദമായതോടെ ഗ്രേസ് മാർക്ക് ലഭിച്ചവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. നീറ്റ് 2024 പരീക്ഷയിൽ 1563 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. ഇവർക്ക് റീടെസ്റ്റിനുള്ള ഓപ്ഷൻ നൽകുമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ കേന്ദ്രം വ്യക്തമാക്കി.
റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. ഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താൻ സുപ്രീംകോടതി അനുവാദം നൽകി.
കൗൺസിലിങ് നടപടികൾ തടയാനാകില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പുനപരീക്ഷ, ഗ്രേസ് മാർക്ക് റദ്ദാക്കൽ അടക്കം എൻടിഎ നിയോഗിച്ച മുൻ യുപിഎസ് സി ചെയർമാൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചു.
ജൂലായ് ആറിന് നടക്കുന്ന കൗൺസിലിംഗിനെ ബാധിക്കാത്ത തരത്തിൽ ഈ മാസം 30ന് ഫലം പ്രഖ്യാപിക്കുമെന്നും എൻടിഎ കോടതിയെ അറിയിച്ചു. റീടെസ്റ്റ് എഴുതാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അവർ നേരത്തെ എഴുതി ലഭിച്ച ഗ്രേസ് മാർക്ക് ഒഴിവാക്കിയ സ്‌കോർ നൽകും. റീടെസ്റ്റിന് ശേഷം അടുത്ത മാസം ആദ്യവാരം പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കും. പരീക്ഷയിൽ എന്തെങ്കിലും തരത്തിൽ തെറ്റായ പ്രവണതയുണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
കൗൺസിലിങ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്‌ഗഡ് അടക്കം സ്ഥലങ്ങളിലെ ആറ് സെന്ററുകളിലെ 1563 പേർക്കാണ് സമയം ലഭിച്ചില്ലെന്ന ്കാട്ടി എൻടിഎ ഗ്രേസ് മാർക്ക് നൽകിയത്. ഇത് വിവാദമായതോടെയാണ് ഇക്കാര്യം പരിശോധിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചത്. പരീക്ഷയിൽ ക്രമേക്കട് നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ എൻടിഎയ്ക്ക് കോടതി നോട്ടീസ് അയച്ചു. അടുത്ത മാസം ഈ ഹർജികൾ കോടതി വീണ്ടും പരിഗണിക്കും