തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ചുള്ള ചീട്ടുകളിയിൽ 5.59 ലക്ഷം രൂപ പിടിച്ചെടുത്ത കേസിൽ വെള്ളം ചേർത്ത് നിസ്സാര വകുപ്പിട്ട് മ്യൂസിയം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊലീസ് ഒത്തുകളിയിൽ കുറ്റം സമ്മതിച്ച് പിഴയൊടുക്കാൻ പ്രതികളുടെ ഹർജി. 11 പ്രതികൾക്കും 750 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം 15 ദിവസം തടവ് അനുഭവിക്കാനും തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

പിഴയൊടുക്കി തലയൂരി പ്രതികൾ ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവായി. ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തിൽ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. എഫ്ഐആറിൽ അച്ഛന്റെ പേര് മാറ്റി രേഖപ്പെടുത്തി. കൂടാതെ ഗൗരവമേറിയ കുറ്റകൃത്യം നടന്നിട്ടും പിഴയടച്ച് തടിയൂരാവുന്ന പെറ്റി കുറ്റകൃത്യങ്ങളായ 1960 ലെ കേരളാ ഗെയിമിങ് നിയമത്തിലെ 7, 8 , 9 എന്നീ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2023 ഒക്ടോബർ 2 രാത്രി ഏഴര മണിയോടെയാണ് ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും പണം വച്ച് ചീട്ടുകളിച്ച 11 പേരെ സിറ്റി മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. 5.59 ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തത്.

ക്ലബ്ബിലെ ഏറ്റവും പുറകിലെ അഞ്ചാം നമ്പർ ക്വാട്ടേഴ്സിൽ പണം വച്ച് ചീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. വിനയകുമാറിനെ കൂടാതെ പത്തനംതിട്ട സ്വദേശി അഷ്റഫ്, കോട്ടയം സ്വദേശി സിബി ആന്റണി, കവടിയാർ സ്വദേശി സീതാറാം, കോട്ടയം സ്വദേശി മനോജ്, ചിറയിൻകീഴ് കുന്നുംപുറം സ്വദേശി വിനോദ്, കീഴാറ്റിങ്ങൽ സ്വദേശി ഷിയാസ്, തിരുവനന്തപുരം കുന്നുകുഴി സ്വദേശി അമൽ, വർക്കല ചെറുന്നിയൂർ സ്വദേശി ശങ്കർ, അജിത്കുമാർ മൂർത്തി, കെ.എസ്. സേതുനാഥ്
എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും മ്യൂസിയം പൊലീസ് പരിശോധിച്ചു.

മുറി എടുത്തത് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണെന്ന് പൊലീസിന് തെളിവും ലഭിച്ചു. ഒന്നാം പ്രതി വിനയകുമാറാണ്. എന്നാൽ എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയപ്പോൾ വിനയകുമാറിന്റെ അച്ഛന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയത്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി വിനയകുമാറാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നാണ് പൊലീസ് ഭാഷ്യം. ആദ്യം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനാണെന്നും പേരും തെറ്റായാണ് പറഞ്ഞതെന്നുമാണ് ന്യായീകരണം. അത് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇത് വിനയകുമാറിനെ രക്ഷിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം ഉയരുന്നത്.

അതേസമയം മുറിയെടുത്തത് വിനയകുമാറാണെന്ന് ട്രിവാൻട്രം ക്ലബ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ലബിൽ ഇൻസ്റ്റിറ്റിയൂഷണൽ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളിൽ ഒരാളായ മാനേജിങ് ഡയറക്ടർ വിനയകുമാർ.എസ്.ആർ. ആണ് മുറിയെടുത്തതെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.