കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം അംഗീകരിച്ചാണ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹിക ആഘാത പഠനം നടത്തിയത് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ്. ഇത് സർക്കാറിന് കീഴിലുള്ള ഏജൻസിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിക്കാർ കുറ്റപ്പെടുത്തി. ഈ വാദം പരിഗണിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്തത്.

പദ്ധതിക്കായുള്ള ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണ് നേരിട്ട് ബാധിക്കുകയെന്നാണ് പാരിസ്ഥിതിക ആഘാത പഠനം. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ വിവിധ ഭാഗങ്ങളിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ കുടി ഒഴിപ്പിക്കേണ്ടി വരും.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്മേലുള്ള വിദഗ്ധ സമിതി വിലയിരുത്തൽ റിപ്പോർട്ടും ഇതിന്മേലുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവും പ്രസിദ്ധീകരിച്ചിരുന്നു. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുവാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.