- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയർ ഏജൻസി 35,000 രൂപ നഷ്ടപരിഹാരം നൽകണം
കൊച്ചി: കൊറിയർ ഏജൻസിയുടെ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും അവ്യക്തവും വായിക്കാൻ കഴിയാത്തതുമാണെങ്കിൽ ഉപഭോക്താവിന് അത് ബാധകമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണ് ഈ നടപടി.
പരാതിക്കാരൻ അയച്ച സുപ്രധാനമായ രേഖകൾ കൊറിയർ ഏജൻസി മേൽവിലാസക്കാരന് നൽകാത്തത് സേവനത്തിന് ന്യൂനതയും അധാർമികമായ കച്ചവട രീതിയുമായതിനാൽ 35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണം.
കൊറിയർ ഏജൻസിയുടെ നിബന്ധനകൾ ഉപഭോക്താവിന് വായിക്കാൻ കഴിയുന്ന വിധത്തിൽ ഇനി മുതൽ വ്യക്തമായി അച്ചടിക്കണമെന്നും ഡി.ബി ബിനു പ്രസിണ്ടന്റും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിർദ്ദേശിച്ചു. എറണാകുളം കലൂർ സ്വദേശി അനിൽകുമാർ ടി. എസ് മേനോൻ, ഡി.റ്റി.ഡി.സി കൊറിയർ ഏജൻസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
കൊറിയർ ഏജൻസി വഴി അയച്ച സർട്ടിഫിക്കറ്റ് ഉൾപ്പെടുന്ന സുപ്രധാനമായ രേഖകൾ പരാതിക്കാരൻ ആവശ്യപ്പെട്ട മേൽവിലാസക്കാരന് ലഭ്യമാക്കുന്നതിൽ എതിർ കക്ഷി പരാജയപ്പെടുകയും ഇതിനെ സംബന്ധിച്ച് പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കാത്ത നടപടിയെ ചോദ്യം ചെയ്താണ് പരാതി സമർപ്പിച്ചത്.
കൊറിയർ ഏജൻസി ബില്ലിനോടൊപ്പം നൽകിയ നിബന്ധന പ്രകാരം തപാൽ ഉരുപ്പടി നഷ്ടപ്പെട്ടാൽ 100 രൂപ വരെ മാത്രമേ നഷ്ടപരിഹാരം നൽകാൻ ബാധ്യതയുള്ളു എന്ന് എതിർ കക്ഷി കോടതിമുമ്പാകെ ബോധിപ്പിച്ചു. കൊറിയർ ഏജൻസിയുടെ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും വായിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അത്തരം ഒരു വ്യവസ്ഥ ഉപഭോക്താവിന് ബാധകമല്ലെന്ന് ഇത് അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണെന്നും വിലയിരുത്തിയ കോടതി നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ കൊറിയർ ഏജൻസിക്ക് നിർദ്ദേശം നൽകി.
25,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവ് പരാതിക്കാരന് നൽകണം കൂടാതെ ഉപഭോക്താവിന് വായിക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തമായി നിബന്ധനകൾ അച്ചടിക്കാൻ കോടതി എതിർകക്ഷിയായ ഡി ടി ഡി സി കൊറിയർ കമ്പനിക്ക് നിർദ്ദേശം നൽകി.