തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാര ചെടി വിൽപ്പനശാല ജീവനക്കാരിയുടെ മാല പ്രതി തന്റെ ഫിനാൻസിൽ പണയം വച്ചിരുന്നതായി സാക്ഷി. നാല് പവൻ തൂക്കമുള്ള മാലയക്ക് പ്രതി 92,000 രൂപ വാങ്ങിയെന്നും സാക്ഷി മൊഴി നൽകി. തിരുനെൽവേലി ലവഞ്ചി പുരം സ്വദേശിയും തമിഴ്‌നാട് അഞ്ചു ഗ്രാമം ഭാരത് ഫിനാൻസ് ഉടമയുമായ പളനിസ്വാമിയാണ് കോടതിയിൽ മൊഴി നൽകിയത്.

ദളപതി മോഡൽ ഫാഷനിലുള്ള സ്വർണ്ണമാല പണയം വയ്ക്കാൻ എത്തിയപ്പോൾ പ്രതിയുടെ വലത് കൈയിലെ മുറിവ് കെട്ടി വച്ചിരുന്നതായും സാക്ഷി പറഞ്ഞു. പ്രതി 2022 ഫെബ്രുവരി ഏഴിനാണ് പണയം വച്ചത്. 12-ാം തീയതി പൊലീസ് പ്രതിയുമായി എത്തി പണയം വച്ചിരുന്ന മാല മടക്കി വാങ്ങിയെന്നും സാക്ഷി കോടതിയെ അറിയിച്ചു. കോടതിയിൽ വച്ച് സാക്ഷി പ്രതി പണയം വച്ച മാലയും പ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം സ്വേദേശിയുമായ രാജേന്ദ്രനെയും തിരിച്ചറിഞ്ഞു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനാണ് കേസ് പരിഗണിച്ചത്.

നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയാണ് കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തിൽ കിടന്ന നാല് പവൻ മാല കവരുന്നതിനു വേണ്ടിയാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്. സ്വർണം പണയം എടുക്കാനുള്ള ലൈസൻസ് നിങ്ങളുടെ സ്ഥാപനത്തിന് ഇല്ലെന്ന് പ്രതിഭാഗം ആരോപിച്ചപ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് കോടതിയിൽ സാക്ഷി ഹാജരാക്കി.

പ്രതി ജോലി ചെയ്തിരുന്ന പേരൂർക്കടയിലെ കുമാർ ടീ സ്റ്റാൾ ഉടമ ഇസക്കി പാണ്ടിയും പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞു. സംഭവ ദിവസം പ്രതി രാവിലെ 10 ന് കടയിലെത്തി കാപ്പി കുടിച്ചു മടങ്ങിയതായി സാക്ഷി മൊഴി നൽകി. പ്രതി രാവിലെ കടയിലേക്ക് വരുന്നതിന്റെയും മടങ്ങി പോകുന്നതിന്റെയും സി. സി.ടി.വി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചതും സാക്ഷി കണ്ട് തിരിച്ചറിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീനും പ്രതിക്കു വേണ്ടി അഡ്വക്കേറ്റ് സന്തോഷ് മഹാദേവും ഹാജരായി.

2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് രാജേന്ദ്രൻ പട്ടാപകൽ വനിതയെ നഗരഹൃദയത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വിനിതയുടെ സ്വർണമാല കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു കൊലപാതകം. അമ്പലമുക്ക് കുറവൻകോണം റോഡിലെ 'ടാബ്‌സ് അഗ്രി ക്ലിനിക്' എന്ന സ്ഥാപനത്തിൽ ചെടികൾക്ക് വെള്ളം ഒഴിക്കാൻ എത്തിയ വിനീതയെ തമിഴ്‌നാട്ടിൽനിന്നും പേരൂർക്കടയിലെ ടീ സ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു.

രണ്ടുവർഷം മുമ്പ് ഹൃദ്രോഗ ബാധിതതിനായി ഭർത്താവ് മരിച്ച വിനിത കൃത്യത്തിന് ഒമ്പത് മാസം മുമ്പാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെത്തിയ രാജേന്ദ്രൻ തന്റെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കഴുത്തിൽ കുത്തികൊലപ്പെടുത്തിയ ശേഷം സ്വർണമാലയുമായി രക്ഷപ്പെട്ട ഇയാളെ ഫെബ്രുവരി 11 ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനിത ധരിച്ചിരുന്ന സ്വർണമാല കാവൽ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്നത് പൊലീസ് കണ്ടെടുത്തിരുന്നു.

പേരൂർക്കട പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന വി സജികുമാർ, കണ്ടോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ വി എസ് ദിന രാജ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബർ തെളിവുകളുമാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. 118 സാക്ഷിമൊഴികളും,158 രേഖകളും,75 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ തമിഴ്‌നാട്ടിൽ ചെയ്തശേഷം ജാമ്യത്തിൽ കഴിയവെയാണ് പ്രതി പേരൂർക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്‌നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ.