കൊച്ചി: അർഹരായവർക്ക് തന്നെയാണ് അഡീ. തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ ഇടുക്കിയിൽ പട്ടയം നൽകിയതെന്ന് സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ല. ഇതിന്റെ പേരിലാണ് കുപ്രസിദ്ധമായ 'രവീന്ദ്രൻ പട്ടയം' റദ്ദാക്കിയത്. അർഹരായവർക്കാണ് പട്ടയം ലഭിച്ചത് എന്നതിനാലാണ് ആരെയും ഒഴിപ്പിക്കാത്തത്. മൂന്നാർ അടക്കമുള്ള മേഖലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

മൂന്നാറിലെയടക്കം ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലെ ഹർജികളിലാണ് സർക്കാറിന്റെ വിശദീകരണം. രാജൻ മധേക്കറുടെ റിപ്പോർട്ടിൽ കുറ്റക്കാരായി പറയുന്ന ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കഴിഞ്ഞദിവസം കോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു.

എന്നാൽ, സിബിഐ അന്വേഷണ ആവശ്യം നേരത്തേതന്നെ കോടതി തള്ളിയിരുന്നെന്ന് എ.ജി ചൂണ്ടിക്കാട്ടി. സാഹചര്യം മാറിയില്ലേയെന്നും ഇക്കാര്യത്തിൽ രേഖാമൂലം വിശദീകരണം നൽകണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു.

കൈയേറ്റങ്ങൾക്ക് ഉദ്യോഗസ്ഥർ സഹായം ചെയ്‌തോ എന്നതിലടക്കം അന്വേഷണം വേണ്ടതില്ലേയെന്ന ചോദ്യത്തിന് ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു സർക്കാറിന്റെ മറുപടി. പട്ടയം നൽകുന്നതിലുള്ള തടസ്സം നീക്കണമെന്നും ആവശ്യപ്പെട്ടു. ഡിജിറ്റൽ സർവേ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശിച്ച കോടതി ഇക്കാര്യത്തിൽ എത്ര സമയം വേണ്ടിവരുമെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു.

ഏലം കുത്തകപ്പാട്ട ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യത്തിൽ ഡെപ്യൂട്ടി കലക്ടറിൽ നിന്ന് കോടതിവിവരങ്ങൾ ആരാഞ്ഞു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും നിർദേശിച്ചു. വ്യാജ പട്ടയം നൽകി എന്ന ആരോപണത്തിൽ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിക്കുന്ന കാര്യത്തിൽ മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ആവശ്യം കോടതി അനുവദിച്ചു.