കൊച്ചി: പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിൽ പരാതിക്കാരി മൊഴി മാറ്റിയത് പ്രതിയായ രാഹുലിന്റെ സമ്മർദ്ദത്തെ തുടർന്നെന്ന് പൊലീസ്. കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തള്ളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.

കേസ് ഒത്തുതീർപ്പായെന്ന് ചൂണ്ടിക്കാട്ടി പ്രതി രാഹുൽ നൽകിയ ഹർജിക്കെതിരെയാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. സർക്കാർ, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവർക്ക് അയച്ച നോട്ടീസിലാണ് നടപടി.

കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അറിയിച്ച യുവതി ഡൽഹിയിലേക്കും തിരിച്ചു പോയി. ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു. ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പായെന്നാണ് പ്രതി ഹൈക്കോടതിയിൽ അറിയിച്ചത്.