തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 75 വർഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ. 12 വയസ് പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കളറിയാതെ സ്‌കൂളിൽനിന്നും പലതവണ കൂട്ടിക്കൊണ്ടു പോവുകയും ഒന്നിലധികം തവണ ബന്ധുവീടുകളിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ചേലക്കര കോളത്തൂർ അവിന വീട്ടുപറമ്പിൽ മുഹമ്മദ് ഹാഷിമിനെ (40) യാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി മിനി ആർ. ശിക്ഷിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം 20 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അടയ്ക്കുന്നപക്ഷം അത് കേസിലെ ഇരയ്ക്ക് നൽകാനും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് ശുപാർശ ചെയ്തു.

2021 നവംബറിലാണ് സംഭവം.പ്രോസിക്യൂഷൻ 27 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. 33 രേഖകൾ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും രണ്ടു രേഖകൾ പ്രതിഭാഗത്തുനിന്നും കേസിന്റെ തെളിവിലേക്ക് കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എ. സീനത്ത് ഹാജരായി. പഴയന്നൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.എ. ഫക്രുദ്ദീൻ രജിസ്റ്റർ ചെയ്ത കേസിൽ സിഐ. നിസാമുദ്ദീൻ ജെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പഴയന്നൂർ പൊലീസ് സി.പി.ഒ മാരായ കണ്ണൻ, അനൂപ്, പോക്സോ കോടതി ലെയ്സൺ ഓഫീസർ സി.പി.ഒ. ഗീത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.