കൊച്ചി: പഞ്ചായത്തംഗം സ്‌കൂട്ടർ യാത്രയ്ക്കിടെ മാലിന്യം റോഡിൽ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ എന്തുനടപടി എടുത്തെന്ന് സർക്കാരിനോട് ഹൈക്കോടതി. എറണാകുളം മഞ്ഞള്ളൂർ പഞ്ചായത്ത് അംഗം പി പി സുധാകരൻ റോഡിൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബ്രഹ്‌മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പഞ്ചായത്ത് അംഗത്തിന് എതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ചത്.

സ്‌കൂട്ടറിൽ നിന്നും വഴിയരികിലേക്ക് മാലിന്യം തള്ളുന്ന സി.സി.ടി.വി. വീഡിയോയും വൈറലായിരുന്നു. ഇതോടെ, ആവോലി പഞ്ചായത്ത് അധികൃതർ സുധാകരനിൽ നിന്നും 1000 രൂപ പിഴയും ഈടാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, സാധാരണ രീതിയിൽ മാലിന്യം തള്ളിയാൽ 10,000 രൂപ പിഴ ഈടാക്കേണ്ട സാഹചര്യത്തിൽ അദ്ദേഹത്തിൽ നിന്നും കുറഞ്ഞ തുകയാണ് ഈടാക്കിയതെന്നും വിമർശനം ഉയർന്നിരുന്നു.

പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഇദ്ദേഹത്തിനെതിരേ തിരഞ്ഞെടുപ്പു കമ്മിഷനിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. എന്നാൽ, സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയും പർവതീകരിക്കുകയും ചെയ്തുവെന്നാണ് വിഷയത്തിൽ സുധാകരന്റെ വാദം. ഇദ്ദേഹത്തിന്റെ രണ്ട് ലോട്ടറിക്കടകൾ വാഴക്കുളത്തുണ്ട്. കടയിൽ ഉണ്ടായിരുന്ന നറുക്കെടുപ്പു കഴിഞ്ഞ ലോട്ടറി ടിക്കറ്റുകളാണ് കവറിൽ ഉണ്ടായിരുന്നതെന്നും ഇതു കളയാനായി വീട്ടിൽ കൊണ്ടുപോകുന്ന വഴിക്ക് താഴെ വീണതാണെന്നുമാണ് മെംബർ നൽകുന്ന വിശദീകരണം. മെമ്പർ പിഴയൊടുക്കിയ വിവരം അടുത്ത സിറ്റിങ്ങിൽ സർക്കാർ കോടതിയെ അറിയിക്കും.

മാലിന്യ നിർമ്മാർജ്ജനത്തിന് മാതൃകയാകേണ്ട മെമ്പറുടെ സിസിടിവിയിൽ കുടുങ്ങിയതിന് പിന്നാലെ നാട്ടിൽ അറവുമാലിന്യം തള്ളിയവർക്കെതിരെ പി പി സുധാകരൻ പ്രതികരിച്ചിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ ഫുട്‌ബോൾ കമന്ററി ചേർത്ത് പുറത്തുവന്നതോടെയാണ് പഞ്ചായത്ത് അംഗം കുടുങ്ങിയത്.