- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാ സാധനങ്ങൾക്ക് ഗുണനിലവാരമില്ല; കൃത്രിമ ചന്ദനവും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഭസ്മവും വിഗ്രഹങ്ങൾ കേടാക്കുന്നു; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ജസ്റ്റിസ് കെ.ടി ശങ്കരൻ; കമ്മീഷനെ നിയമിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹരജി പരിഗണിച്ച്
ന്യൂഡൽഹി:തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന പൂജാ സാമഗ്രികളുടെ ഗുണനിലവാരം മോശമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കെ.ടി ശങ്കരൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്ന ചന്ദനം യഥാർഥ ചന്ദനമല്ലെന്നും കൃത്രിമമായി നിർമ്മിച്ചെടുത്തതാണെന്നും ജസ്റ്റിസ് കെ.ടി ശങ്കരൻ ചൂണ്ടിക്കാട്ടി. കൃത്രിമ ചന്ദനവും രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഭസ്മവും വിഗ്രഹങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും നെറ്റിയിൽ പുരട്ടുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നിലവിലെ രീതിയിൽ നിന്ന് മാറി പുതിയ രീതിയിൽ പ്രസാദം നൽകുന്ന കാര്യം ആലോചിക്കണമെന്ന് ജസ്റ്റിസ് കെ.ടി ശങ്കരൻ സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
ഗുണനിലവാരമുള്ള യഥാർത്ഥ ചന്ദനമാണ് പൂജക്കും പ്രസാദത്തിനും ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണം. ഇതിനായി സംസ്ഥാന വനം വകുപ്പിൽ നിന്ന് ഗുണനിലവാരമുള്ള ചന്ദനവും എല്ലാ ക്ഷേത്രങ്ങളിലും ചാണകത്തിൽ നിന്നുള്ള യഥാർത്ഥ ഭസ്മവും സംഭരിച്ച് വിതരണം ചെയ്യണമെന്നും ജസ്റ്റിസ് കെ.ടി ശങ്കരൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
1200 ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിൽനിന്ന് വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗുണമേന്മയുള്ള പൂജാസാധനങ്ങൾ വാങ്ങാൻ എന്തൊക്കെ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം എന്നതിനെ സംബന്ധിച്ച മാർഗരേഖ തയ്യാറാക്കാൻ ജസ്റ്റിസ് കെ.ടി ശങ്കരനെ ചുമതലപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ