കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ബാബുവിന് എംഎ‍ൽഎയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി. ഇതോടെ ബാബുവിന് എംഎൽഎയായി തുടരാം. ഇതുവരെ ജനകീയ കോടതി വിധി അവർ മാനിച്ചില്ല, നീതിന്യായ കോടതി വിധിയെങ്കിലും മാനിക്കണമെന്ന് ബാബു പ്രതികരിച്ചു.

അയ്യപ്പന്റെ ചിത്രം വച്ച് താൻ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയം ഏറ്റവുമധികം ചർച്ചയായ മണ്ഡലങ്ങളിലൊന്നായിരുന്നു ഹിന്ദുവോട്ടുകൾ ഏറെയുള്ള തൃപ്പൂണിത്തുറ. ഒന്നാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെയും ബിജെപിയുടെയും പ്രധാന പ്രചരണായുധവും ഇതായിരുന്നു.

കെ. ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്തെന്നും സ്വരാജ് ആരോപിച്ചിരുന്നു.

എം. സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്നും ഹൈക്കോടതിയിലുള്ള ഹർജിയിൽ നടപടികൾ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹർജിയിൽ അന്തിമവാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021-ൽ ബാബു തിരഞ്ഞെടുക്കപ്പെട്ടത്. അവസാന റൗണ്ട് വരെ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കെ.ബാബു സിറ്റിങ് എംഎൽഎ കൂടിയായ സിപിഎമ്മിന്റെ എം.സ്വരാജിനെ പരാജയപ്പെടുത്തിയത്.

കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർത്ഥി സിപിഎമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്. 25 വർഷം ബാബു തുടർച്ചയായി എംഎൽഎ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാർ കോഴ വിവാദം ആഞ്ഞടിച്ച മുൻ തിരഞ്ഞെടുപ്പിൽ സ്വരാജ് 4471 വോട്ടുകളുടെ അപ്രതീക്ഷിത വിജയം സ്വന്തമാക്കിരുന്നു.