- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ സംഭവം വെറും വാഹനാപകട കേസല്ല; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് ഒഴിവാക്കിയ സെഷൻസ് കോടതി വിധി റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീലുമായി സർക്കാർ; അപ്പീൽ നാളെ സിംഗിൾ ബഞ്ച് പരിഗണിക്കും
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ പ്രതികൾക്കെതിരേ ചുമത്തിയ മനഃപൂർവമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തിൽ നിന്ന് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കോടതി ഒഴിവാക്കിയത്. രണ്ടുപേരും സമർപ്പിച്ച വിടുതൽ ഹർജിയിലാണ് സെഷൻസ് കോടതി വിധി പറഞ്ഞത്.ഈ വിധിയെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അപ്പീൽ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നാളെ പരിഗണിക്കും.
മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങൾ മാത്രമേ ശ്രീറാമിനെതിരേ നിലനിൽക്കു എന്നാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിയിൽ പറഞ്ഞത്. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോർ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും കോടതി പറഞ്ഞിരുന്നു. കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലായ് 20-ന് പ്രതികൾ വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തനിക്കെതിരേ ചുമത്തിയ നരഹത്യാക്കുറ്റം നിലനിൽക്കില്ല, താൻ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജി നൽകിയത്. ബഷീറിനെ തനിക്ക് മുൻപരിചയമില്ലെന്നും അതിനാൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനിൽക്കില്ലെന്നുമായിരുന്നു ശ്രീറാം കോടതിയിൽ പറഞ്ഞത്. ശ്രീറാമിനോട് അമിതവേഗത്തിൽ വാഹനമോടിക്കാൻ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയിൽ വാദിച്ചിരുന്നു.എന്നാൽ രണ്ടുപ്രതികളുടെയും വാദങ്ങളെ പ്രോസിക്യൂഷൻ എതിർത്തു. സംഭവത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമൻ വൈദ്യപരിശോധന വൈകിപ്പിച്ചതും ആദ്യഘട്ടത്തിൽ വഫയാണ് വാഹനമോടിച്ചതെന്ന മൊഴി നൽകിയതും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ശ്രീറാം വെങ്കിട്ടരാമൻ 2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒരു മണിക്ക് മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു എഫ്.ഐ.ആർ. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചു എന്നതിനു തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അപകടം നടന്നയുടനേ രക്ത സാമ്പിൾ പരിശോധിക്കണമെന്ന നടപടിക്രമം പൊലീസ് പാലിക്കാത്തതോടെ , ഏറെ വൈകിയെടുത്ത രക്തസാമ്പിളിൽ മദ്യത്തിന്റെ അളവില്ലെന്നായിരുന്നു കെമിക്കൽ അനാലിസിസ് ലാബിന്റെ റിപ്പോർട്. ശ്രീറാമിന്റെ പേരിലെടുത്ത മനഃപൂർവമുള്ള നരഹത്യ എന്ന വകുപ്പ് ഒഴിവായി പകരം മനഃപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പിലേക്ക് കേസ് മാറി. ഇതോടെ ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്നതടക്കമുള്ള വഫ ഫിറോസിന്റെ കുറ്റവും ഒഴിവായി. ഇരുവർക്കും ഇനി സാധാരണ വാഹനാപകട കേസിലെ വിചാരണ മാത്രം നേരിട്ടാൽ മതി.
കേസിന്റെ ഭാവിയെ കുറിച്ച് മാധ്യമപ്രവർത്തകർ അടക്കം വലിയ തോതിലുള്ള ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഒരു വാഹനാപകട കേസ് മാത്രമാക്കി മുന്നോട്ടു കൊണ്ടുപോയി വിചാരണം നടത്തണമെന്നതായിരുന്നു കീഴ്ക്കോടതിയുടെ ഉത്തരവ്. ഇതിലാണ് 304-ാം വകുപ്പിലെ രണ്ടു ഉപവകുപ്പുകൾ പ്രകാരം മനഃപൂർവ്വമല്ലാത്ത നരഹത്യ കൂടി ചേർത്തുകൊണ്ട് വിചാരണ നടത്തണമെന്ന ആവശ്യവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. 2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.