- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്? ഒരു പേരിട്ടാൽ പദ്ധതിയാകുമോ? ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്താണ്? പദ്ധതിയുടെ പേരിൽ നാടകമോ? കെ റെയിലിൽ സംസ്ഥാന സർക്കാരിനോട് ചോദ്യശരങ്ങളുമായി ഹൈക്കോടതി
കൊച്ചി: കെ റെയിലിൽ സംസ്ഥാന സർക്കാർ നാടകം കളിക്കുന്നുവെന്ന് ഹൈക്കോടതി. ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്താണെന്ന് കോടതി ചോദിച്ചു. സിൽവർ ലൈൻ പദ്ധതിക്കായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും ചോദ്യം ഉന്നയിച്ചു.
ഇപ്പോൾ പദ്ധതി എവിടെ എത്തിനിൽക്കുന്നു? ഇത്രയധികം പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന് ആരു സമാധാനം പറയും? എന്തിനായിരുന്നു പ്രശ്‌നങ്ങളുണ്ടാക്കിയത്?
റെയിൽവേയുമായി കൃത്യമായ ആശയവിനിമയം നടക്കാത്തത് എന്തുകൊണ്ടായിരുന്നു? എന്തിനാണ് ഇത്രയധികം വിജ്ഞാപനങ്ങൾ? ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്? ഒരു പേരിട്ടാൽ പദ്ധതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് സർക്കാർ അഭിഭാഷകനു കോടതിയിൽ നേരിടേണ്ടി വന്നത്.
പദ്ധതിയുടെ പേരിൽ നാടകം കളിക്കുകയാണന്നു കുറ്റപ്പെടുത്തിയ കോടതി, മഞ്ഞക്കല്ലിനെയും പരിഹസിച്ചു. രാവിലെയാകുമ്പോൾ മഞ്ഞക്കല്ലുമായി ആരൊക്കെയോ വീടിനുമുന്നിൽ കയറിവരുമെന്നും ഇതൊക്കെ എന്തിനാണെന്ന് ആർക്കുമറിയില്ലെന്നും കോടതി പരിഹസിച്ചു. സിൽവർലൈൻ പദ്ധതി തുടങ്ങിയയിടത്തു തന്നെ വീണ്ടും വന്നുനിൽക്കുകയാണെന്നും പറഞ്ഞു
.അതേസമയം കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലമനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ റെയിൽ കോർപറേഷൻ നൽകിയില്ല. പാതയുടെ അലൈന്മെന്റ്, റെയിൽവെ ഭൂമി, പദ്ധയിക്ക് വേണ്ടി ഏറ്റെടുത്ത സ്വകാര്യ ഭൂമി എന്നിവയുടെ വിവരങ്ങളും ലഭിച്ചിട്ടില്ല. കെ റെയിൽ പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്തിയതും കല്ലിട്ടതും കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സാമൂഹികാഘാത പഠനത്തിനും അനുമതിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന് തങ്ങളുടെ നിലപാടിൽ തന്നെ റെയിൽവെ ഉറച്ചുനിന്നു