കൊച്ചി: മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകേസിൽ പ്രതി ചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് താൽക്കാലിക ആശ്വാസം. സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരൻ നൽകിയ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കയാണ്. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനു നിർദ്ദേശം നൽകി.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരൻ ഹർജിയിൽ വാദിച്ചത്. മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ കേസിൽ രണ്ടാം പ്രതിയായാണ് സുധാകരനെ ചേർത്തിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഈ കേസിൽ പ്രാഥമിക വാദം കേട്ട ശേഷമാണ് അറസ്റ്റു തടഞ്ഞത്.

കേസിൽ സുധാകരനെതിരെ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. അനൂപ് മുഹമ്മദ് പണം നൽകിയ ദിവസം കെ സുധാകരൻ മോൻസന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. പരാതിക്കാരുടെ ഗാഡ്ജറ്റിൽ നിന്നും ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ വീണ്ടെടുത്തിട്ടുണ്ട്. അനൂപ് പണം നൽകിയത് 2018 നവംബർ 22 ഉച്ചയ്ക്ക് രണ്ടു മണിക്കാണെന്നും അന്വേഷണ സംഘം പറയുന്നു.

അനൂപും മോൻസണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോൻസന് നൽകി. അതിൽ 10 ലക്ഷം സുധാകരന് കൈമാറിയെന്ന് മോൻസന്റെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് കെ സുധാകരൻ പറഞ്ഞത്.