- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയ്ക്കാവൂർ പോക്സോ കേസിൽ ഇരട്ടശുദ്ധി വരുത്തി മാതാവ്; അമ്മയ്ക്കെതിരായ മകന്റെ ഹർജി സുപ്രീംകോടതി തള്ളി; പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച്; പകപോക്കാൻ ചമച്ച കള്ളക്കഥ പരമോന്നത കോടതിയിലും പൊളിയുമ്പോൾ
ന്യൂഡൽഹി: കടയ്ക്കാവൂർ പോക്സോ കേസിൽ ഇരട്ടശുദ്ധിയോടെ മാതാവ്. ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പർഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന്, തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ഭാഗം മാത്രമാണ് ഹൈക്കോടതി കേട്ടതെന്നും തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്നും ആരോപിച്ചാണ് മകൻ സുപ്രീംകോടതിയെ സമീപിച്ചത്.
പോക്സോ കേസിലെ പരാതിക്ക് പിന്നിൽ പിതാവാണെന്ന് സംശയിച്ചു കൂടെയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ആരാഞ്ഞിരുന്നു. എന്നാൽ, ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോഴാണ് കുട്ടി പരാതി നൽകിയതെന്ന് മകന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് മകന്റെ ഹർജി പരിഗണിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കള്ളക്കേസെന്ന് കണ്ടെത്തി കോടതി അവസാനിപ്പിച്ച കേസാണ് സുപ്രീംകോടതിയിലും പൊളിയുന്നത്.
വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.