ന്യൂഡൽഹി: നിയമങ്ങൾ കാറ്റിൽപറത്തി അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കിയേ മതിയാകൂവെന്ന് സുപ്രീംകോടതി. പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി. പൊളിക്കൽ നടപടികൾ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ആലപ്പുഴ പാണാവള്ളിയിൽ അനധികൃതമായി നിർമ്മിച്ച കാപികോ റിസോർട്ടിലെ 54 കോട്ടേജുകൾ പൊളിച്ചു നീക്കിയതായി ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായ സംസ്ഥാന സ്റ്റാൻഡിങ് കോൺസൽ സി കെ ശശി സുപ്രീംകോടതിയെ അറിയിച്ചു. റിസോർട്ടിന്റെ പ്രധാന കെട്ടിടമാണ് ഇനി പൊളിക്കാനുള്ളതെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. എന്നാൽ സ്റ്റാൻഡിങ് കോൺസലിന്റെ വിശദീകരണത്തിൽ ജസ്റ്റിസുമാരായ അനിരുദ്ദ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

കോടതി ഉത്തരവ് പൂർണണായി നടപ്പാക്കണം. അല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി. ശാസ്ത്രീയ പഠനമില്ലാതെ, റിസോർട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ കോടതിയെ അറിയിച്ചു. എന്നാൽ ഇതിന്റെ പേരിൽ പൊളിക്കൽ നിർത്തിവെയ്ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. റിസോർട്ട് പൊളിക്കുമ്പോൾ പരിസ്ഥിതി വിഷയങ്ങൾ കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. കേസ് സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മത്സ്യത്തൊഴിലാളികൾക്കു വേണ്ടി അഭിഭാഷകരായ കെ പരമേശ്വർ, എ കാർത്തിക്ക് എന്നിവരാണ് ഹാജരായത്. റിസോർട്ട് പൊളിക്കുമ്പോൾ പരിസ്ഥിതി വിഷയങ്ങൾ കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.