- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാദിച്ചുകയറി അഭിഷേക് സിങ്വി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ശക്തമായ വാദം ഡൽഹി ഹൈക്കോടതിയിൽ ഉന്നയിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര ഏജൻസിയുടെ മെല്ലപ്പോക്ക് തന്ത്രങ്ങളെയാണ് സിങ്വി ചോദ്യം ചെയ്തത്. കെജ്രിവാളിന്റെ ഹർജിക്ക് വിശദമായ മറുപടി നൽകാൻ മൂന്നാഴ്ച സമയം വേണമെന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ വാദത്തെയും സിങ്വി ഖണ്ഡിച്ചു. കേജ്രിവാളിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഹർജി ഹൈക്കോടതിയിൽ എത്തിയത്.
മുഖ്യവാദങ്ങൾ ഇങ്ങനെ:
അറസ്റ്റിന്റെ ടൈമിങ്:
തീർച്ചയായും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാം, പക്ഷേ, അതിന് തിരഞ്ഞെടുത്ത സമയമാണ് പ്രശ്നമെന്ന് സിങ്വി പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കെജ്രിവാളിന്റെ അറസ്റ്റ്. ജനാധിപത്യമെന്നാൽ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പെന്നാണ്. അതിനെ അസന്തുലിതമാക്കിയാൽ, ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയെ തന്നെയാണ് തടസ്സപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അറസ്റ്റ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽ നിന്നും തടയാനാണ്. രണ്ടാമതായി, പാർട്ടിക്ക് ആഘാതമേൽപ്പിക്കാനാണ്. മൂന്നാമതായി ആദ്യ വോട്ട് പെട്ടിയിൽ വീഴും മുമ്പ് തന്നെ നിങ്ങൾക്ക് ചില നേട്ടങ്ങൾ കൊയ്യുന്നതിന് വേണ്ടിയാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാം, പക്ഷേ, അതിന് തിരഞ്ഞെടുത്ത സമയമാണ് പ്രശ്നം.
മൂന്നാഴ്ച സമയം വേണമെന്ന ഇഡിയുടെ ആവശ്യത്തിന് മറുപടി
മൂന്നാഴ്ച സമയം വേണമെന്ന ഇഡിയുടെ വാദം പൂർണമായും നല്ല ഉദ്ദേശ്യത്തോടെയല്ല. ഒരുദിവസത്തെ തടങ്കൽ പോലും മൗലികാവകാശ ലംഘന പ്രശ്നമാണ്. എന്തുമറുപടിയാണ് ഇഡിക്ക് ഫയൽ ചെയ്യാനുള്ളത്? അറസ്റ്റ് ചെയ്യാനായി പറഞ്ഞ കാരണങ്ങളിൽ നിന്ന് വ്യത്യസ്തം ആയിരിക്കില്ല അത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അറസ്റ്റിന് വകുപ്പുണ്ടോ?
സെക്ഷൻ 19 ലെ കള്ളപ്പണം കൈവശം വയ്ക്കൽ, കുറ്റംചെയ്തതായി വിശ്വസിക്കാൻ കാരണങ്ങൾ, കുറ്റക്കാരൻ എന്നീ മൂന്നു മാനദണ്ഡങ്ങൾ വച്ചുനോക്കിയാലും കെജ്രിവാളിനെ അറസറ്റ് ചെയ്യാൻ കാരണമില്ല. അറസ്റ്റ് ചെയ്യാൻ ഇഡിക്ക് അധികാരമുണ്ട്. എന്നാൽ അതിന് തക്കതായ കാരണങ്ങൾ എവിടെ?
കെജ്രിവാൾ നിസ്സഹകരിച്ചെന്ന ആരോപണം
എനിക്ക് ഓർമയില്ലെന്നോ, അറിയില്ലെന്നോ പറയുന്നത് എങ്ങനെ നിസ്സഹകരണമാകും? അതുകൊണ്ട്് എങ്ങനെ അറസ്റ്റ് ചെയ്യാനാവും?
മറ്റുപ്രതികളുടെ മൊഴി
സഞ്ജയ് സിങ്ങിന്റെ 9 മൊഴികളിലും കെജ്രിവാളിന് എതിരെ പരാമർശമില്ല. മറ്റുപ്രതികളുടെ മൊഴികളിലും പരാമർശമില്ല. മാപ്പുസാക്ഷികൾ ഏറ്റവും അവിശ്വസ്തരായ സുഹൃത്തുക്കളാണെന്നും സിങ്വി വാദിച്ചു. അറസ്റ്റ് അനധികൃതമാണെങ്കിൽ ഒരു ദിവസം തന്നെ അധികമാണ്. സമയം കൂടുതൽ ചോദിക്കുന്നത് വഴി ഇഡി തങ്ങളുടെ ലക്ഷ്യം നിറവേറ്റുകയാണ്, സിങ്വി വാദിച്ചു.
ഹർജിയുടെ പകർപ്പ് ഇന്നലെ മാത്രമാണ് ലഭിച്ചതെന്നും മറുപടി നൽകാൻ മൂന്നാഴ്ചത്തെ സമയം ആവശ്യമാണെന്നും സർക്കാർ അഭിഭാഷകൻ എസ്.വി. രാജു പറഞ്ഞു. എല്ലാ കക്ഷികളുടെയും വാദം കേട്ട േശഷമേ തീരുമാനമുണ്ടാകൂ എന്ന് ജസ്റ്റിസ് സ്വർണകാന്ത് ശർമ പറഞ്ഞു. കെജ്രിവാളിന് വേണ്ടി പല അഭിഭാഷകർ ഹാജരാകുന്നതിനെയും എസ് വി രാജു എതിർത്തു.