ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ ജയിലിലേക്ക് മടങ്ങേണ്ടി വരും. ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കില്ല. കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജസ്റ്ററി അനുവദിച്ചില്ല. സ്ഥിര ജാമ്യത്തിനായി ഡൽഹി മുഖ്യമന്ത്രിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സി.ടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും കെജ്രിവാൾ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.കെജ്രിവാളിന് ഏഴ് കിലോ ഭാരം കുറഞ്ഞിട്ടുണ്ടെന്നും കീറ്റോൺ തോത് ഉയർന്നിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തുടർ ചികിത്സകൾ അനിവാര്യമായതിനാൽ ജാമ്യ കാലാവധി നീട്ടിനൽകണമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായാണ് കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കെജ്രിവാൾ തിരികെ തിഹാർ ജയിലിൽ എത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം നൽകിയതിനെ ബിജെപി രാഷ്ട്രീയ വിവാദമാക്കിയിരുന്നു. ജാമ്യ കാലാവധിയിൽ ഡൽഹി മുഖ്യമന്ത്രിയുടെ യാതൊരു ചുമതലയും വഹിക്കരുത് എന്നത് ഉൾപ്പെടെ കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

എ.എ.പി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, രാജ്യസഭാംഗമായ സഞ്ജയ് സിങ് ഉൾപ്പെടെയുള്ളവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കെജ്രിവാളിന് തെരഞ്ഞെടുപ്പു പ്രചരണത്തിന് എത്താൻ സാധിച്ചത് ഇന്ത്യാ മുന്നണിക്കും ആം ആദ്മിക്കും ഗുണകരമായിരുന്നു. പഞ്ചാബിൽ അവസാന വട്ട പ്രചരണത്തിലാണ് കെജ്രിവാൾ ഇപ്പോൾ.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിനെ താഴെയിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭീഷണിപ്പെടുത്തിയെന്ന്, ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും പഞ്ചാബികളെ വെറുക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.

'ജൂൺ നാലിന് ശേഷം പഞ്ചാബിൽ സർക്കാർ താഴെ വീഴുമെന്നും, ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി തുടരില്ലെന്നും അമിത് ഷാ ഭീഷണിപ്പെടുത്തി. ഞങ്ങൾക്ക് 92 എംഎൽഎമാരുണ്ട്. നിങ്ങൾക്ക് എങ്ങനെ സർക്കാരിനെ താഴെയിറക്കാനാകും? രാജ്യത്ത് സ്വേച്ഛാധിപത്യമാണ്... തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ജൂൺ 4 ന് ശേഷം അവർ സർക്കാർ രൂപീകരിക്കുമോ എന്ന് കണ്ടറിയണം' അരവിന്ദ് കെജ്രിവാൾ പറഞ്ഞു.