ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡൽഹിയിലെ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യ നയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് ജാമ്യം.

അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. ഇതോടെ കെജരിവാളിന് ജയിൽ മോചനത്തിന് വഴിയൊരുങ്ങി. ജാമ്യ ഉത്തരവ് ജയിലിൽ എത്തിയ ശേഷം നാളെ ആം ആദ്മി പാർട്ടി നേതാവിന് പുറത്തിറങ്ങുമെന്നാണ് സൂചന.

കെജ്രിവാളിന് എതിരായ ഇഡിയുടെ മുഴുവൻ കേസും മാപ്പുസാക്ഷിയായി മാറിയവരുടെ മൊഴിയെ ആശ്രയിച്ചാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. 'കുറ്റം സമ്മതിച്ചവരുടെ മൊഴികളാണ്. അവർ പുണ്യവാളന്മാരല്ല. അവർ കളങ്കിതരാണെന്ന് മാത്രമല്ല, അറസ്റ്റിലായ ചിലർക്ക് ജാമ്യ-മാപ്പ് വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. മാപ്പുസാക്ഷികൾ. അറസ്റ്റിലാകാത്ത മറ്റൊരു വിഭാഗം' കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കളങ്കിതരായ വ്യക്തികളുടെ മൊഴികൾ പ്രോസിക്യൂഷൻ കേസിന്റെ പോരായ്മയാണ്. സൗത്ത് ഗ്രൂപ്പിൽ നിന്ന് 100 കോടി വന്നതിന് തെളിവില്ല. എല്ലാം മൊഴികൾ മാത്രം, തെളിവില്ല, കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. ഡൽഹിയിൽ മദ്യ ലൈസൻസ് കരസ്ഥമാക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയ തെലങ്കാനയിലെ ലോബിയാണ് സൗത്ത് ഗ്രൂപ്പ്.

കേസിന്റെ നാൾവഴികൾ:

2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പാക്കുന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സർക്കാർ മദ്യവിൽപനയിൽ നിന്നും പൂർണമായും പിന്മാറി മറ്റു കമ്പനികൾക്ക് നൽകാനായിരുന്നു തീരുമാനം. ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്ലെറ്റുകൾക്ക് ടെൻഡർ വിളിച്ചാണ് അനുമതി നൽകിയത്.

സ്വകാര്യ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന തുടങ്ങിയതോടെ, മദ്യത്തിന്റെ ഗുണനിലവാരത്തിൽ വ്യാപക പരാതി ഉയർന്നു. മദ്യ നയം നടപ്പാക്കിയ രീതിയിൽ അഴിമതി നടന്നതായി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവർണർക്ക് പരാതി നൽകി. പുതിയ എക്‌സൈസ് നയത്തിൽ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഡൽഹി ചീഫ് സെക്രട്ടറി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് റിപ്പോർട്ട് നൽകി..

ലൈസൻസ് ഫീയിൽ നൽകിയ 144.36 കോടി രൂപയുടെ ഇളവ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയില്ലാതെയാണ് പുതിയ നയം നടപ്പാക്കിയതെന്നും 2022 ജൂലൈ എട്ടിന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2022 ജൂലായ് 22 ന് ചട്ടലംഘനങ്ങൾക്കും നടപടിക്രമങ്ങളിലെ പിഴവുകൾക്കുമെതിരെ സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവർണർ ശുപാർശ ചെയ്തു.

വിവാദമായതോടെ 2022 ജൂലായ് 30 ഓടെ പുതിയ മദ്യനയത്തിൽ നിന്നും ഡൽഹി സർക്കാർ പിൻവാങ്ങി. പുതിയ നയത്തിൽ തീരുമാനമാകുന്നതു വരെ, ആറുമാസത്തേക്ക് പഴയ നയം പുനഃസ്ഥാപിക്കാൻ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി.

2022 ഓഗസ്റ്റ് 17 ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി സിസോദിയക്കും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്കും വ്യവസായികൾക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് 19 ന് സിസോദിയയുടെയും ആം ആദ്മി പാർട്ടിയിലെ മറ്റ് മൂന്ന് അംഗങ്ങളുടെയും വസതിയിൽ സിബിഐ റെയ്ഡ് നടത്തി. 2022 ഓഗസ്റ്റ് 22 ന് സിബിഐയിൽനിന്ന് ഇഡി കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞു.

തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് ഇഡി കേസെടുത്തു. ഓഗസ്റ്റ് 30 ന് ഗസ്സിയാബാദിലെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ സിബിഐ ഊദ്യോഗസ്ഥർ സിസോദിയയുടെ ബാങ്ക് ലോക്കറുകൾ പരിശോധിച്ചു. തുടർന്ന് സെപ്റ്റംബർ ആറ് മുതൽ 16 വരെ രാജ്യത്തുടനീളം 35 സ്ഥലങ്ങളിൽ ഇഡിയുടെ റെയ്ഡ്. പിന്നാലെ സെപ്റ്റംബർ 27 ന് എഎപി കമ്യൂണിക്കേഷൻ ഇൻചാർജായ മലയാളി വിജയ് നായരെ ഇഡി അറസ്റ്റ് ചെയ്തു.

2022 സെപ്റ്റംബർ 28ന് മദ്യവ്യാപാരി സമീർ മഹേന്ദ്രു അറസ്റ്റിലായി. ഒക്ടോബർ 10 ന് ഇടനിലക്കാരൻ അഭിഷേക് ബോയിൻപള്ളിയെ സിബിഐ അറസ്റ്റ് ചെയ്തു. നവംബർ 24 ന് വിജയ് നായർ, അഭിഷേക് ബോയിൻപള്ളി എന്നിവരുൾപ്പെടെ ഏഴുപേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. നവംബർ 30 ന് ഗുരുഗ്രാം ആസ്ഥാനമായ ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറും സിസോദിയയുടെ അടുത്ത അനുയായിയുമായ അമിത് അറോറയെ ഇഡി അറസ്റ്റ് ചെയ്തു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ ഇഡി അഴിമതിക്കേസിൽ ഉൾപ്പെടുത്തി.

2023 ഫെബ്രുവരി 9 ന് സ്വകാര്യ പരസ്യ സ്ഥാപനത്തിലെ രാജേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തു. ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഇദ്ദേഹത്തെ ഉപയോഗിച്ചെന്നാണ് ആരോപിച്ചായിരുന്നു അറസ്റ്റ്. 2023 ഫെബ്രുവരി 26ന് ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു.

2023 ഒക്ടോബർ നാലിന് എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു. പത്തു മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസിൽ അറസ്റ്റിലായ ദിനേശ് അറോറ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനീഷ് സിസോദിയയെ പരിചയപ്പെടുന്നത് സഞ്ജയ് സിങ് വഴിയാണെന്നായിരുന്നു അറോറയുടെ മൊഴി. കെജരിവാളുമായി കൂടിക്കാഴ്ച നടത്താനും സഞ്ജയ് സിങാണ് വഴിയൊരുക്കിയതെന്നും ദിനേശ് അറോറ മൊഴി നൽകിയിരുന്നു.

2024 മാർച്ച് 16 ന് തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കെ കവിതയെ ഇ ഡി അറസ്റ്റ് ചെയ്തു.. മാർച്ച് 19 ന് അറസ്റ്റിൽ നിന്നും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാൾ ഹൈക്കോടതിയെ സമീപിച്ചു.. ഹർജി ഡൽഹി ഹൈക്കോടതി തള്ളി. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിൽ കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തു.