ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാലുദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ വിട്ടു. ഏഴുദിവസമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ ആവശ്യപ്പെട്ടത്. ഏപ്രിൽ 1 വരെ കെജ്രിവാൾ ഇഡി കസ്റ്റഡിയിൽ ആയിരിക്കും. കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് ഇഡി അഭിഭാഷകൻ വാദിച്ചു. അതേസമയം, തന്റെ പാർട്ടിയെ തകർക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജ്രിവാൾ കോടതിയിൽ സ്വയം വാദിച്ചു. ഒരുകോടതിയും തന്നെ കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്നും, ഒരു മുഖ്യമന്ത്രിയെ അറസറ്റ് ചെയ്യാൻ ഇഡി ഉന്നയിക്കുന്നത് ദുർബല വാദങ്ങളാണെന്നും കെജ്രിവാൾ കോടതിയിൽ പറഞ്ഞു.

കെജ്രിവാൾ വലിയ അഭിഭാഷകരെയാണ് തനിക്ക് വേണ്ടി ഹാജരാക്കിയതെന്നും എല്ലാവർക്കും ഈ സൗകര്യം ഉണ്ടാവില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. മുഖ്യമന്ത്രി ആയതിനാലല്ല അദ്ദേഹത്തെ അറസ്റ്റുചെയ്തത്. കെജ്രിവാൾ 100 കോടി ആവശ്യപ്പെട്ടത്തിന് തെളിവുണ്ട്. ബിജെപിയിലേക്ക് വന്നുവെന്ന് കെജ്രിവാൾ പറയുന്ന പണവുമായി മദ്യനയത്തിന് ബന്ധമൊന്നുമില്ലെന്നും എസ്.വി. രാജു പറഞ്ഞു. യഥാർഥ അഴിമതി ആരംഭിച്ചത് ഇ.ഡി. കേസിന് ശേഷമാണെന്ന കെജ്‌രിവാളിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടി കോഴ വാങ്ങുകയും അത് ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയും ചെയ്തു. ഹവാല റൂട്ടിൽ ഗോവ തിരഞ്ഞെടുപ്പിന് പണം ഉപയോഗിച്ചതിന് തങ്ങളുടെ പക്കൽ രേഖകൾ ഉണ്ടെന്നും ഇഡി വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. രമേഷ് ഗുപ്ത ഹാജരായി. എസ്.വി. രാജുവും സ്പെഷ്യൽ കോൺസൽ സൊഹേബ് ഹുസ്സൈനും ഇഡിക്കുവേണ്ടി വീഡിയോ കോൺഫെറൻസ് വഴി ഹാജരായി. വേർതിരിച്ചെടുത്ത ഡിജിറ്റൽ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് എസ് വി രാജു കോടതിയെ അറിയിച്ചു. ഇഡിയുടെ ചോദ്യങ്ങൾക്ക് കെജ്രിവാൾ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാൾ അന്വേഷണത്തോട് ബോധപൂർവ്വം സഹകരിക്കുന്നില്ല. പഞ്ചാബിലെ എക്സൈസ് ഓഫീസർമാരോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ് വി രാജു പറഞ്ഞു.

ഇഡി കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ കെജ്രിവാളിനെ ഹാജരാക്കിയത്. അഭിഭാഷകനെ മറികടന്ന് കൊണ്ടാണ് കെജ്രിവാൾ ഇഡിക്കെതിരെ ആഞ്ഞടിച്ചത്. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നൽകുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനൽകാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാൾ അറിയിക്കുകയായിരുന്നു.

വ്യത്യസ്ത ആളുകളുടെ നാലുമൊഴികൾ തന്നെ അറസ്റ്റുചെയ്യാൻ മാത്രം പര്യാപ്തമല്ലെന്ന് കെജ്രിവാൾ കോടതിയിൽ പറഞ്ഞു. രണ്ടുവർഷത്തിലേറെയായി തുടരുന്ന കേസാണിത്. തന്നെ അറസ്റ്റുചെയ്തു, ഒരു കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. കേസിൽ ആളുകളെ മാപ്പുസാക്ഷികളാക്കുകയും മൊഴിമാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കെജ്രിവാൾ പറഞ്ഞപ്പോൾ ഇ.ഡി. അതിനെ എതിർത്തു.

താൻ ഇഡി റിമാൻഡിനെ എതിർക്കുന്നില്ല. അവർക്ക് വേണ്ടത്ര കാലം തന്നെ കസ്റ്റഡിയിൽ വെക്കാം. ആം ആദ്മി പാർട്ടിയെ തകർക്കുകയാണ് ഇ ഡിയുടെ ലക്ഷ്യം. പാർട്ടിക്കുമേൽ അഴിമതിയുടെ പുകമറ നിർമ്മിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നത്, കെജ്രിവാൾ പറഞ്ഞു. അതേസമയം, എന്തുകൊണ്ട് ഇതെല്ലാം എഴുതി നൽകിക്കൂടെന്ന് കോടതി കെജ്രിവാളിനോട് ചോദിച്ചു. പക്ഷേ, തനിക്ക് സംസാരിക്കണമെന്ന് കെജ്രിവാൾ മറുപടി നൽകിയപ്പോൾ, അഞ്ചുമിനിറ്റിൽ കൂടുതൽ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി

എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല, സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാൾ കോടതിയിൽ പറഞ്ഞു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാൾ ചോദിച്ചു.

അഭിഭാഷകനെ മറികടന്ന് കെജ്രിവാൾ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാൾ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാൽ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇഡി കോടതിയിൽ പറഞ്ഞു.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ (29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല. അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)